Top

വിമതർക്കെതിരെ നടപടിയുമായി എൽജെഡി; പിളർപ്പിലേക്ക്

24 Nov 2021 12:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിമതർക്കെതിരെ നടപടിയുമായി എൽജെഡി; പിളർപ്പിലേക്ക്
X

സംസ്ഥാന അധ്യക്ഷൻ എംവി ശ്രേംയസ് കുമാറിനെതിരെ കലാപക്കൊടി ഉയർത്തിയ വിമത നേതാക്കൾക്കെതിരെ നടപടിയുമായി ലോക് താന്ത്രിക് ജനതാദൾ (എൽജെഡി). സംസ്ഥാന ജനറൽ സെക്രട്ടറി വി സുരേന്ദ്ര പിള്ളയെ സസ്പെൻഡ് ചെയ്തു. വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകിയ മറ്റൊരു നേതാവായ ഷേയ്ക്ക് പി ഹാരിസിനെ സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കും. കഴിഞ്ഞ ദിവസം നടന്ന അനുനയ നീക്കങ്ങൾ പാളിയിരുന്നു. പുതിയ സാഹചര്യത്തിൽ പാർട്ടി പിളർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

നേതൃത്വത്തിന് എതിരെ നിലപാട് സ്വീകരിച്ചത് അച്ചടക്ക ലംഘനമാണെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഈ വിഷയത്തിൽ വിശദീകരണം നൽകണമെന്നും നേതൃത്വം വിമത നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിശദീകരണം നൽകില്ലെന്നും പാർട്ടി അധ്യക്ഷൻ ശ്രേയാംസ് കുമാർ രാജിവെക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും വിമത വിഭാഗം ആവർത്തിച്ചതോടെയാണ് അനുനയ നീക്കം പാളിയത്. എംവി ശ്രേയാംസ് കുമാർ എംപി എൽജെഡി സംസ്ഥാന പ്രസിഡന്റ് സ്ഥാനം 20നകം ഒഴിയണമെന്നായിരുന്നു ഷേക്ക് പി ഹാരിസ് – വി സുരേന്ദ്രൻപിള്ള പക്ഷം ആവശ്യം ഉന്നയിച്ചത്.

എന്നാൽ ഇക്കാര്യം ശ്രേയാംസ് കുമാർ നിരസിച്ചു. ഇതോടെ പ്രതിസന്ധിയും രൂക്ഷമാക്കി. തിരുവനന്തപുരത്ത് വിമത യോഗം ചേർന്നവർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകാൻ എൽജെഡി നേതൃയോഗത്തിൽ തീരുമാനമെടുത്തു. ഷെയ്ഖ് പി ഹാരിസ്, വി സുരേന്ദ്രൻ പിള്ള എന്നിവരടക്കം ഒമ്പത് പേർക്കാണ് നോട്ടീസ് നൽകുകയെന്നും നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം പാർട്ടി നേതൃത്വത്തിന് മറുപടി നൽകണമെന്നുമായിരുന്നു നിർദേശം. ഇക്കാര്യം വിമത നേതാക്കളും തള്ളിയതോടെ പ്രതിസന്ധി അനുനയ നീക്കങ്ങൾ പാളുകയായിരുന്നു.

അച്ചടക്ക ലംഘനം നടത്തിയവർ തെറ്റുതിരുത്തി വന്നാൽ അവർക്കുമുന്നിൽ പാർട്ടി വാതിൽ അടയ്ക്കില്ലെന്നാണ് എൽജെഡി സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ്‌കുമാർ എം.പിയുടെ നിലപാട്. എന്നാൽ പാർട്ടി വിരുദ്ധ പ്രവർത്തനവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

Next Story

Popular Stories