എല്‍ജെഡി പിളര്‍പ്പിലേക്ക്; വിമത വിഭാഗം അടുത്ത മാസം പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കും
സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി ഈ മാസം 30നകം ജില്ലാതല യോഗങ്ങള്‍ ചേരാനും ധാരണയായിട്ടുണ്ട്.
26 Nov 2021 2:50 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലോക് താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) പിളര്‍പ്പിലേക്ക്. പുതിയ സംസ്ഥാന കമ്മിറ്റിയെ അടുത്ത മാസം എട്ടിന് വിമത വിഭാഗം തെരഞ്ഞെടുത്തേക്കും. എറണാകുളത്തു ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെ തീരുമാനിക്കുന്നതോടെ പാര്‍ട്ടിയിലെ പിളര്‍പ്പ് പൂര്‍ണമാകുമെന്നാണ് വിവരം. ഇന്ന് വി.സുരേന്ദ്രന് പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായിരിക്കുന്നത്. സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി ഈ മാസം 30നകം ജില്ലാതല യോഗങ്ങള്‍ ചേരാനും ധാരണയായിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജോ എണ്ണക്കാട് ഉള്‍പ്പെടെ നാല് ജില്ലാ പ്രസിഡന്റുമാര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തതായി വി.സുരേന്ദ്രന് പിള്ള വ്യക്തമാക്കി.
അതേസമയം വിമതര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ട് പോവാനാണ് എല്‍ ജെ ഡിയുടെ തീരുമാനം. ഷേഖ് പി ഹാരിസും സുരേന്ദ്രന് പിള്ളയും അടക്കമുള്ള നാല് സംസ്ഥാന ഭാരവാഹികളെ സ്ഥാനത്ത് നിന്ന് നീക്കി. സമാന്തര യോഗം വിളിച്ച വിമതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്നതോടെയാണ് നടപടി. ഷെയ്ഖ് പി ഹാരിസ്, വി സുരേന്ദ്രന് പിള്ള, അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്. അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയിരുന്നു.
അച്ചടക്ക ലംഘനം തുടര്‍ന്നാല്‍ നേതാക്കളെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കാനും എല്‍ ജെ ഡി ഭാരവാഹി യോഗത്തില്‍ ധാരണയായിട്ടുണ്ട്. എല്‍ ജെ ഡി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജും പാര്‍ട്ടിയുടെ ഏക എം.എല്‍.എ യായ കെ.പി മോഹനനും ശ്രേയാംസ് കുമാറിന് തുറന്ന പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിമത പക്ഷത്തിന്റെ നീക്കങ്ങള്‍ പാളിയത്.