Top

'വീരേന്ദ്രകുമാറിന്റെ മകന്‍ പാര്‍ട്ടിയുടെ അന്തകനായി മാറരുത്'; രൂക്ഷ വിമര്‍ശനവുമായി എല്‍ജെഡി വിമത പക്ഷം

17 Nov 2021 10:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീരേന്ദ്രകുമാറിന്റെ മകന്‍ പാര്‍ട്ടിയുടെ അന്തകനായി മാറരുത്; രൂക്ഷ വിമര്‍ശനവുമായി എല്‍ജെഡി വിമത പക്ഷം
X

എല്‍ജെഡി പിളര്‍പ്പിലേക്കെന്ന് വ്യക്തമായ സൂചനകള്‍ നല്‍കി ഔദ്യോഗിക നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വിമത നേതാക്കള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക്ക് പി ഹാരിസ്, മുതിര്‍ന്ന നേതാവ് സുരേന്ദ്രന്‍ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തിന് പിന്നാലെയാണ് നീക്കം പരസ്യമായി പ്രഖ്യാപിച്ചത്. എല്‍ജെഡി സംസ്ഥാന പ്രസിഡന്ർറും എംപിയുമായ ശ്രേയാംസ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിമത നേതാക്കള്‍ ഉയര്‍ത്തിയത്.

തങ്ങള്‍ക്ക് ദേശീയ അധ്യക്ഷന്‍ ശരത് യാദവിന്റെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന വിമത വിഭാഗം ഇന്ന് ചേര്‍ന്ന യോഗത്തില്‍ 4 ജില്ലാ പ്രസിഡുമാരും 37 സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു എന്നും ചൂണ്ടിക്കാട്ടി. ഔദ്യോഗികമായി തങ്ങളെ ഇടതുമുന്നണി സ്വീകരിക്കുമെന്നാണ് വിശ്വാസം. യഥാര്‍ത്ഥ എല്‍ ജെ ഡി തങ്ങളെന്ന് ഇടതു നേതൃത്വത്തെ അറിയിക്കും. എല്‍ ഡി എഫ് കണ്‍വീനര്‍ക്ക് യോഗത്തിന്റെ തീരുമാനങ്ങള്‍ അറിയിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തുടങ്ങിയ തര്‍ക്കമാണ് എല്‍ജെഡിഎ ഇപ്പോള്‍ പിളര്‍പ്പിലേക്ക് എത്തിക്കുന്നത്. അധികാരക്കൊതിയാണ് വിമത നീക്കത്തിന്് പിന്നില്‍ എന്ന് ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിയ്ക്കുകയാണ് വിമത നേതാക്കളും. പാര്‍ട്ടി സ്ഥാപകന്‍ വീരേന്ദ്രകുമാറിന്റെ മകന്‍ പാര്‍ട്ടിയുടെ അന്തകനായി മാറരുതെന്നും ഷെയ്ക്ക് പി ഹാരിസ് പരിഹസിച്ചു. രാജ്യസഭയില്‍ അംഗമായിരിക്കുന്ന ആള്‍ നിയമസഭയിലേക്കും മത്സരിച്ചു. ആര്‍ക്കാണ് അധികാര കൊതിയെന്ന് ഇതിലൂടെ വ്യക്തമാകുമെന്നും നേതാക്കള്‍ പറഞ്ഞു.

ശ്രേയാംസ് കുമാര്‍ ഉടന്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്നാണ് വിമത നേതാക്കളുടെ നിലപാട്. ഈ മാസം 20 ന് മുന്‍പ് ശ്രേയാംസ് കുമാര്‍ രാജി വെക്കണം. 20ന് മുന്‍പ് രാജിവെച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ സമാന്തര യോഗം വിളിച്ചു ചേര്‍ക്കും. 26, 27, 29 തീയതികളില്‍ മേഖല യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും നേതാക്കള്‍ മുന്നറയിപ്പ് നല്‍കി. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ സംസ്ഥാന പ്രസിഡന്റ് തയ്യാറാകുന്നില്ലെന്ന ആരോപണമാണ് വിമത വിഭാഗം ഉയര്‍ത്തുന്നത്. സംസ്ഥാന നേതൃയോഗം വിളിച്ചു ചേര്‍ത്തിട്ട് 9 മാസമായി എന്നും നേതാക്കള്‍ ആരോപിച്ചു.

കല്‍പ്പറ്റയ്ക്ക് വേണ്ടി പാര്‍ട്ടി പ്രസിഡന്റ് നിര്‍ബന്ധം പിടിച്ചു. കല്‍പ്പറ്റയില്‍ പാര്‍ട്ടി സീറ്റ് ആവശ്യപ്പെട്ടതുകൊണ്ടാണ് തെക്കന്‍ കേരളത്തില്‍ സീറ്റ് നഷ്ടമായത്. ജയ പരാജയങ്ങളെ സംബന്ധിച്ച് പാര്‍ട്ടിയില്‍ ജനാധിപത്യ ചര്‍ച്ച നടന്നില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റിനെതിരെ സംസാരിച്ചവര്‍ക്ക് എതിരെ പാര്‍ട്ടിയില്‍ പ്രതികാര നടപടി സ്വീകരിക്കുന്ന നിലയാണ്. ജനാധിപത്യം ഇല്ലാത്ത രീതിയിലാണ് പ്രവര്‍ത്തനം. സംസ്ഥാന പ്രസിഡന്റ്് തന്നെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് എന്നും വിമത നേതാക്കള്‍ പറയുന്നു. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യം ഉയര്‍ന്നെന്ന് ചൂണ്ടിക്കാട്ടിയ നേതാക്കള്‍ പാര്‍ട്ടിയില്‍ സുരേന്ദ്രന്‍ പിള്ള കണ്‍വീനറായി പുതിയ സബ് കമ്മിറ്റി രൂപീകരിച്ചതായും വ്യക്തമാക്കുന്നു. പുതിയ നീക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മൂന്ന് മേഖലകളില്‍ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എല്‍ഡിഎഫില്‍ പാര്‍ട്ടിയ്ക്ക് ലഭിക്കേണ്ട അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന ആക്ഷേപവും നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് കുറച്ച് സീറ്റുകള്‍ മാത്രമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റ് ഇടതു മുന്നണി നല്‍കിയില്ല. യുഡിഎഫ് വിടുന്നതിന് മുന്‍പ് മുന്നണി മാറ്റത്തിന് വ്യവസ്ഥകള്‍ വേണമെന്ന നേരത്തെ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ എല്‍ഡിഎഫില്‍ എത്തുന്നതിന് മുന്‍പ് പ്രാതിനിധ്യം ഉറപ്പാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വിമത നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.Next Story