Top

'എല്‍ജെഡി പിളർപ്പിലേക്ക്'; ശ്രേയംസിനെതിരെ വിമത വിഭാഗം, പിണറായിയെ കണ്ടു

സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കാൻ സംസ്ഥാന പ്രസിഡന്റ് തയ്യാറാകുന്നില്ലെന്ന ആരോപണമാണ് വിമത വിഭാഗം ഉയർത്തുന്നത്.

17 Nov 2021 10:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്‍ജെഡി പിളർപ്പിലേക്ക്; ശ്രേയംസിനെതിരെ വിമത വിഭാഗം, പിണറായിയെ കണ്ടു
X

എംവി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തെ ചൊല്ലി എൽജെഡിയിൽ പൊട്ടിത്തെറി. ശ്രേയാംസ് കുമാർ രാജി വെക്കണമെന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്ക് പി ഹാരിസ് സുരേന്ദ്രൻ പിള്ള എന്നിവർ ഉൾപ്പെട്ട എൽജെഡി വിമത വിഭാഗത്തിന്റെ നിലപാട്. തിരുവനന്തപുരത്ത് വെച്ച് സംസ്ഥാന ഭാരവാഹി യോഗത്തിന് പിന്നാലെയാണ് വിമത നീക്കം.

സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കാൻ സംസ്ഥാന പ്രസിഡന്റ് തയ്യാറാകുന്നില്ലെന്ന ആരോപണമാണ് വിമത വിഭാഗം ഉയർത്തുന്നത്. സംസ്ഥാന നേതൃയോഗം വിളിച്ചു ചേർത്തിട്ട് 9 മാസമായിയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഈ മാസം 20 ന് മുൻപ് രാജിവെക്കണമെന്നാണ് വിമത വിഭാ​ഗത്തിന്റെ അന്ത്യശാസനം. ശ്രേയംസ് അനുകൂലികൾ സമവായ ശ്രമിക്കുന്നുണ്ടെങ്കിലും വിമതർ വഴങ്ങില്ലെന്നാണ് റിപ്പോർട്ടുകൾ.

എൽഡിഎഫിൽ പാർട്ടിയ്ക്ക് ലഭിക്കേണ്ട അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന ആക്ഷേപവും നേതാക്കൾ ഉയർത്തുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ചത് കുറച്ച് സീറ്റുകൾ മാത്രമാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ സീറ്റ് ഇടതു മുന്നണി നൽകിയില്ല. യുഡിഎഫ് വിടുന്നതിന് മുൻപ് മുന്നണി മാറ്റത്തിന് വ്യവസ്ഥകൾ വേണമെന്ന നേരത്തെ ആവശ്യമുണ്ടായിരുന്നു. എന്നാൽ എൽഡിഎഫിൽ എത്തുന്നതിന് മുൻപ് പ്രാതിനിധ്യം ഉറപ്പാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വിമത നേതാക്കൾ കുറ്റപ്പെടുത്തുന്നു.

കൽപ്പറ്റയ്ക്ക് വേണ്ടി പാർട്ടി പ്രസിഡന്റ് നിർബന്ധം പിടിച്ചു. കൽപ്പറ്റയിൽ പാർട്ടി സീറ്റ് ആവശ്യപ്പെട്ടതുകൊണ്ടാണ് തെക്കൻ കേരളത്തിൽ സീറ്റ് നഷ്ടമായത്. ജയപരാജയങ്ങളെ സംബന്ധിച്ച് പാർട്ടിയിൽ ജനാധിപത്യ ചർച്ച നടന്നില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റിനെതിരെ സംസാരിച്ചവർക്കെതിരെ പാർട്ടിയിൽ പ്രതികാര നടപടി സ്വീകരിക്കുന്ന നിലയാണ്. ജനാധിപത്യം ഇല്ലാത്ത രീതിയിലാണ് പ്രവർത്തനം. സംസ്ഥാന പ്രസിഡന്റ് തന്നെ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് എന്നും വിമത നേതാക്കൾ പറയുന്നു.

ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യം ഉയർന്നെന്ന് ചൂണ്ടിക്കാട്ടിയ നേതാക്കൾ പാർട്ടിയിൽ സുരേന്ദ്രൻ പിള്ള കൺവീനറായി പുതിയ സബ് കമ്മിറ്റി രൂപീകരിച്ചതായും വ്യക്തമാക്കുന്നു. പുതിയ നീക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മൂന്ന് മേഖലകളിൽ കൺവെൻഷൻ വിളിച്ച് ചേർക്കുമെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമയാവത്തിന് ദേശീയ സെക്രട്ടറി വർഗീസ് ജോർജിന്റെ നേതൃത്വത്തിൽ അനുരഞ്ജന നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല.

ഹാരിസിന്റെ നേതൃത്വത്തിലുളള വിമത വിഭാഗം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ശ്രേയാംസ് കുമാറുമായി യോജിച്ച് പോവാനാകില്ലെന്ന് അറിയിച്ചു. എന്നാൽ തർക്കത്തിൽ ഇപ്പോൾ ഇടപെടില്ലെന്നും ഒന്നിച്ചു പോകണമെന്നും മുഖ്യമന്ത്രി നേതാക്കാളോട് പറഞ്ഞു.



Next Story