'ഞങ്ങളാണ് യഥാര്‍ത്ഥ എല്‍ജെഡി'; വിമത നേതാക്കള്‍ ഇന്ന് എല്‍ഡിഎഫ് കണ്‍വീനറെ കാണും
ശ്രേയാംസ് കുമാര്‍ ഉടന്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്നാണ് വിമത നേതാക്കളുടെ നിലപാട്
18 Nov 2021 5:27 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എല്‍ജെഡി വിമത നേതാക്കള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനേയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനേയും കാണും. യഥാര്‍ത്ഥ എല്‍ജെഡി തങ്ങളാണെന്ന് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. തങ്ങള്‍ക്ക് ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉണ്ടെന്നും വിമത നേതാക്കള്‍ ഇവരെ അറിയിക്കും. കൂടികാഴ്ച്ചയെകുറിച്ച് കഴിഞ്ഞ ദിവസം തന്നെ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക്ക് പി ഹാരിസിന്റെ നേതൃത്വത്തിലുള്ള വിമത നേതാക്കള്‍ സൂചന നല്‍കിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തുടങ്ങിയ തര്‍ക്കമാണ് എല്‍ജെഡിഎ ഇപ്പോള്‍ പിളര്‍പ്പിലേക്ക് എത്തിക്കുന്നത്. അധികാരക്കൊതിയാണ് വിമത നീക്കത്തിന് പിന്നില്‍ എന്ന് ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിയ്ക്കുകയാണ് വിമത നേതാക്കളും. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തിന് ശേഷമാണ് നേതാക്കള്‍ നീക്കം പരസ്യമാക്കിയത്.
പാര്‍ട്ടി സ്ഥാപകന്‍ വീരേന്ദ്രകുമാറിന്റെ മകന് പാര്‍ട്ടിയുടെ അന്തകനായി മാറരുതെന്നും ഷെയ്ക്ക് പി ഹാരിസ് പരിഹസിച്ചിരുന്നു.രാജ്യസഭയില്‍ അംഗമായിരിക്കുന്ന ആള് നിയമസഭയിലേക്കും മത്സരിച്ചു. ആര്‍ക്കാണ് അധികാര കൊതിയെന്ന് ഇതിലൂടെ വ്യക്തമാകുമെന്നായിരുന്നു നേതാക്കളുടെ പക്ഷം.
ശ്രേയാംസ് കുമാര്‍ ഉടന്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്നാണ് വിമത നേതാക്കളുടെ നിലപാട്. ഈ മാസം 20 ന് മുന്‍പ് ശ്രേയാംസ് കുമാര്‍ രാജി വെക്കണം. 20ന് മുന്‍പ് രാജിവെച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ സമാന്തര യോഗം വിളിച്ചു ചേര്‍ക്കും. 26, 27, 29 തീയതികളില്‍ മേഖല യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും നേതാക്കള്‍ മുന്നറയിപ്പ് നല്കി. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ സംസ്ഥാന പ്രസിഡന്റ് തയ്യാറാകുന്നില്ലെന്ന ആരോപണമാണ് വിമത വിഭാഗം ഉയര്‍ത്തുന്നത്. സംസ്ഥാന നേതൃയോഗം വിളിച്ചു ചേര്‍ത്തിട്ട് 9 മാസമായി എന്നും നേതാക്കള്‍ ആരോപിച്ചു.