'വിമതര്‍ക്ക് സ്ഥാനങ്ങളോട് ആര്‍ത്തി, തീരുമാനങ്ങള്‍ പാര്‍ട്ടിയുടേത്'; വിമതർക്ക് മറുപടിയുമായി ശ്രേയാംസ് കുമാര്‍
17 Nov 2021 11:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക്ക് പി ഹാരിസിന്റെ നേതൃത്വത്തില്‍ വിമത വിഭാഗം ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍. ആരോപണത്തില്‍ കഴമ്പില്ലെന്നും പാര്‍ട്ടി തീരുമാനമാണ് നടപ്പിലാക്കുന്നതെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിയണമോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന കൗണ്‍സിലിലാണ് മറിച്ച് ഒരു വിഭാഗം തീരുമാനിക്കേണ്ട കാര്യമല്ല അതെന്നും ശ്രേയാംസ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'തെരഞ്ഞെടുപ്പിന് ശേഷം 2 തവണ സംസ്ഥാനകമ്മിറ്റി ചേര്‍ന്നിട്ടുണ്ട്. വിഭാഗീയ പ്രവര്‍ത്തനം ഇതുവരെ നടത്തിയിട്ടില്ല. പാര്‍ട്ടിയുടെ തീരുമാനമാണ് നടപ്പിലാക്കുന്നത്. സംസ്ഥാന കമ്മിറ്റിയും ഭാരവാഹിയോഗവും ചേര്‍ന്നിട്ടുണ്ട്. അഞ്ച് മാസത്തിനിടെ രണ്ട് ഭാരവാഹിയോഗവും നേതൃയോഗവും ചേര്‍ന്നിരുന്നു.', ശ്രേയാംസ് കുമാര്‍ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് സീറ്റ് നല്‍കാനാവില്ലെന്ന് എല്‍ഡിഎഫ് നേരത്തെ അറിയിച്ചതാണെന്നും ശ്രേയാംസ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥാനാര്‍ഥി ചര്‍ച്ചയിലും സീറ്റ് ചര്‍ച്ചയിലും പങ്കെടുത്തവര്‍ തന്നെയാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം എല്‍ജെഡി പിളര്‍പ്പിലേക്കെന്ന് വ്യക്തമായ സൂചനകള്‍ നല്‍കിയാണ് ഔദ്യോഗിക നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വിമത നേതാക്കള്‍ രംഗത്തെത്തിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക്ക് പി ഹാരിസ്, മുതിര്‍ന്ന നേതാവ് സുരേന്ദ്രന് പിള്ള എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തിന് പിന്നാലെയാണ് നീക്കം പരസ്യമായി പ്രഖ്യാപിച്ചത്. എല്‍ജെഡി സംസ്ഥാന പ്രസിഡന്ര്റും എംപിയുമായ ശ്രേയാംസ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിമത നേതാക്കള്‍ ഉയര്‍ത്തിയത്.
തങ്ങള്‍ക്ക് ദേശീയ അധ്യക്ഷന്‍ ശരത് യാദവിന്റെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന വിമത വിഭാഗം ഇന്ന് ചേര്‍ന്ന യോഗത്തില്‍ 4 ജില്ലാ പ്രസിഡുമാരും 37 സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു എന്നും ചൂണ്ടിക്കാട്ടി. ഔദ്യോഗികമായി തങ്ങളെ ഇടതുമുന്നണി സ്വീകരിക്കുമെന്നാണ് വിശ്വാസം. യഥാര്‍ത്ഥ എല്‍ ജെ ഡി തങ്ങളെന്ന് ഇടതു നേതൃത്വത്തെ അറിയിക്കും. എല്‍ ഡി എഫ് കണ്‍വീനര്‍ക്ക് യോഗത്തിന്റെ തീരുമാനങ്ങള്‍ അറിയിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
- TAGS:
- LJD
- MV Shreyams Kumar