Top

'തെറ്റുതിരുത്തിയാല്‍ തുടരാം'; വിമതര്‍ക്ക് ശ്രേയംസ്‌കുമാറിന്റെ അന്ത്യശാസനം

എല്‍ ജെ ഡി യിലെ വിഭാഗീയത പിളര്‍പ്പിലേക്ക് എത്തിയതോടെയാണ് ഔദ്യോഗിക പക്ഷം കോഴിക്കോട് സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്തത്.

20 Nov 2021 11:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെറ്റുതിരുത്തിയാല്‍ തുടരാം; വിമതര്‍ക്ക് ശ്രേയംസ്‌കുമാറിന്റെ അന്ത്യശാസനം
X

കോഴിക്കോട്: വിമതരോട് വിശദീകരണം തേടി എല്‍ ജെ ഡി. 48 മണിക്കൂറിന് അകം വിശദീകരണം നല്‍കണമെന്നും എല്‍ ജെ ഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ അന്ത്യശാനസം നല്‍കിയിരിക്കുന്നത്. മന്ത്രി സ്ഥാനം വേണമെന്ന് എല്‍ ഡി എഫില്‍ ആവശ്യപ്പെടുമെന്നും എല്‍ ജെ ഡി. അതേസമയം തെറ്റു ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ വിമത വിഭാഗം ശ്രേയാംസ് കുമാറിന്റെ വാദങ്ങളെ തള്ളി.

എല്‍ ജെ ഡി യിലെ വിഭാഗീയത പിളര്‍പ്പിലേക്ക് എത്തിയതോടെയാണ് ഔദ്യോഗിക പക്ഷം കോഴിക്കോട് സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്തത്. വിമത നീക്കങ്ങളെ തള്ളിയ ശ്രേയാംസ് കുമാര്‍ വിമത പ്രവര്‍ത്തനം നടത്തിയവര്‍ 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന നല്‍കിയിരിക്കുന്നത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ തെറ്റു തിരുത്തിയാല്‍ പാര്‍ട്ടിയില്‍ തുടരാമെന്നും ശ്രേയാംസ്‌കുമാര്‍ വ്യക്തമാക്കി.

സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഭൂരിഭാഗവും പാര്‍ട്ടിക്കൊപ്പം ഉണ്ടെന്ന വാദവും ഔദ്യോഗിക പക്ഷം മുന്നോട് വെക്കുന്നു. അതേ സമയം തിരുത്താനായി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് തിരിച്ചടിച്ച ഷെയ്ക് പി ഹാരിസ് നേതൃത്വത്തെ തള്ളുകയും ചെയ്തു. എന്നാല്‍ മന്ത്രി സ്ഥാനം വേണമെന്ന് എല്‍ ഡി എഫില്‍ ആവശ്യപ്പെടുമെന്ന ഔദ്യോഗിക പക്ഷത്തിന്റെ ഇന്നത്തെ നിലപാട് പ്രവര്‍ത്തകരെ ചേര്‍ത്തു നിര്‍ത്താന്‍ പോന്നതാണ്. പാര്‍ട്ടി ദേശീയ സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജും, ഏക എം എല്‍ എ കെ പി മോഹനനും ശ്രേയാംസ് കുമാറി ഒപ്പം വാര്‍ത്ത സമ്മേളനത്തിന് എത്തിയതും വിമത വിഭാഗത്തിന്റെ നീക്കങ്ങള്‍ തിരിച്ചടിയായിട്ടുണ്ട്. വിമത വിഭാഗം നേതാക്കള്‍ പാര്‍ട്ടിയ്ക്ക് ഉടന്‍ പുറത്തേക്ക് പോയേക്കുമെന്നാണ് സൂചന.

അതേസമയം ഒമ്പത് ജില്ലാ പ്രസിഡന്റുമാരാണ് ഇന്ന് ശ്രേംയസ്‌കുമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. അഞ്ച് ജില്ലാ പ്രസിഡന്റുമാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നു. വ്യക്തിപരമായ കാര്യങ്ങളാണ് വിട്ടുനില്‍ക്കലിന് കാരണമെന്നാണ് ശ്രേയംസ്‌കുമാര്‍ വിഷയത്തില്‍ നല്‍കിയിരിക്കുന്ന വിശദീകരണം.


Next Story