Top

എല്‍.ജെ.ഡി പിളര്‍പ്പിലേക്ക്; സംസ്ഥാന ഭാരവാഹി യോഗം വിളിച്ച് ശ്രേയാംസ് കുമാര്‍ വിമത വിഭാഗം

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തുടങ്ങിയ തര്‍ക്കമാണ് പിളര്‍പ്പിലേക്ക് നയിക്കുന്നത്.

17 Nov 2021 4:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്‍.ജെ.ഡി പിളര്‍പ്പിലേക്ക്; സംസ്ഥാന ഭാരവാഹി യോഗം വിളിച്ച് ശ്രേയാംസ് കുമാര്‍ വിമത വിഭാഗം
X

എംവി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തെ ചൊല്ലി എല്‍ജെഡി പാര്‍ട്ടി പിളര്‍പ്പിലേക്ക്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക്ക് പി ഹാരിസിന്റെ നേതൃത്വത്തിലുളള വിമത വിഭാഗമാണ് ശ്രേയാംസ് കുമാറിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടി വിടാനൊരുങ്ങുന്നത്. ഷേക്ക് പി ഹാരിസിന്റെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് വെച്ച് സംസ്ഥാന ഭാരവാഹി യോഗം വിളിച്ചിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തുടങ്ങിയ തര്‍ക്കമാണ് പിളര്‍പ്പിലേക്ക് നയിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഇടതുപക്ഷത്തു നിന്ന് ചോദിച്ചു വാങ്ങുന്നതിലും എംഎല്‍എമാരുളള പാര്‍ട്ടികള്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയപ്പോള്‍ എല്‍ജെഡിക്ക് മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നതിലും, ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളും നേടുന്നതിലും ശ്രേയാംസ് കുമാറിന്റെ നേതൃത്വം പരാജയപ്പെട്ടു. തുടങ്ങിയ വിമര്‍ശനങ്ങളാണ് ശ്രേയാംസ് കുമാര്‍ വിരുദ്ധ വിഭാഗം മുന്നോട്ടുവെക്കുന്നത്.

നേതൃസ്ഥാനത്ത് നിന്ന് ശ്രേയാംസ് കുമാര്‍ മാറണമെന്ന ആവശ്യമാണ് ഷേക്ക് പി ഹാരിസിന്റെ നേതൃത്വത്തിലുളള വിഭാഗം ഉയര്‍ത്തുന്നത്. ദേശീയ സെക്രട്ടറി വര്‍ഗീസ് ജോര്‍ജിന്റെ നേതൃ്തവത്തില്‍ അനുരഞ്ജന നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല.

ഹാരിസിന്റെ നേതൃത്വത്തിലുളള വിമത വിഭാഗം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ശ്രേയാംസ് കുമാറുമായി യോജിച്ച് പോവാനാകില്ലെന്ന് അറിയിച്ചു. എന്നാല്‍ തര്‍ക്കത്തില്‍ ഇപ്പോള്‍ ഇടപെടില്ലെന്നും ഒന്നിച്ചു പോകണമെന്നും മുഖ്യമന്ത്രി നേതാക്കാളോട് പറഞ്ഞു.

Next Story