Top

'എൽഡിഎഫ് ഇടതുപക്ഷ സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്ന് പുറകോട്ട് പോകുന്നു'; വിമർശനവുമായി എൽജെഡി

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നം, കെ റെയിൽ സർവേ തുടങ്ങിയവയിൽ സർക്കാരിന് വീഴ്ചയുണ്ടായെന്ന് എൽജെഡി വിമർശിച്ചു

6 Dec 2022 5:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എൽഡിഎഫ് ഇടതുപക്ഷ സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്ന് പുറകോട്ട് പോകുന്നു; വിമർശനവുമായി എൽജെഡി
X

തൃശൂർ: ഇടത് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളും വിമർശനങ്ങളുമായി ഘടക കക്ഷിയായ എൽജെഡി. പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാർ ഇടതുപക്ഷ സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്നും പുറകോട്ട് പോകുന്നതായി സംശയിക്കുന്നുവെന്ന് എൽജെഡി അഭിപ്രായപ്പെട്ടു. തൃശൂരിൽ നടന്ന പഠന ക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് വിമർശനം. സംഘടനാ ചുമതലയുള്ള സെക്രട്ടറി വിൻസെൻറ് പുത്തൂരാണ് പ്രമേയം അവതരിപ്പിച്ചത്.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നം, കെ റെയിൽ സർവേ തുടങ്ങിയവയിൽ സർക്കാരിന് വീഴ്ചയുണ്ടായെന്ന് എൽജെഡി വിമർശിച്ചു. മറ്റ് ഘടക കക്ഷികൾക്കുമെതിരേയും വിമർശനമുയർന്നു. വെറും മാധ്യമങ്ങളിൽ മാത്രമുള്ള പാർട്ടിയാണ് സിപിഐ എന്ന് എൽജെഡി പരിഹസിച്ചു. കേരള കോൺഗ്രസ് എം, ബാലകൃഷ്ണപിള്ള, സ്കറിയ വിഭാഗം, ജനാധിപത്യ കേരള കോൺഗ്രസുകളും, കോൺഗ്രസ് അവശിഷ്ടങ്ങളായ എൻസിപിയും, കോൺഗ്രസ് എസും, മുസ്ലിം ലീഗിൻറെ ജൂനിയർ രൂപമായ ഐഎൻഎല്ലും ഇടതുപക്ഷ ചേരിക്ക് രാഷ്ട്രീയ സംഭാവന നൽകുന്ന പാർട്ടികളല്ലെന്നും പ്രമേയത്തിൽ വിമർശനമുയർന്നു.

എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്കുമാർ അടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത ക്യാമ്പിലായിരുന്നു വിമർശനം. എൽജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി കുഞ്ഞാലി, എം കെ ഭാസകരന്‍, സണ്ണി തോമസ്, സോഷ്യലിസ്റ്റ് സാംസ്‌കാരിക വേദി സംസ്ഥാന കണ്‍വീനര്‍ സിബി കെ തോമസ്, ദേശീയ ജനറല്‍ സെക്രട്ടറി ഡോ വര്‍ഗീസ് ജോര്‍ജ് എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

STORY HIGHLIGHTS: LJD Criticizing ldf government

Next Story