Top

ചാരായം പിടിച്ചെടുത്തു; പ്രതിയുടെ അറസ്റ്റ് തടഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും സംഘവും

കേസുമായി ബന്ധമില്ലാത്ത ആളെയാണ് അറസ്റ്റ് ചെയ്തതെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ എക്‌സൈസ് സംഘത്തെ തടഞ്ഞു

26 Oct 2022 7:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചാരായം പിടിച്ചെടുത്തു; പ്രതിയുടെ അറസ്റ്റ് തടഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും സംഘവും
X

സീതത്തോട്: ചാരായ കേസുമായി ബന്ധപ്പെട്ട് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച ഉദ്യാഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ പിതാവിനെ ചാരായവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഗുരുനാഥന്‍ മണ്ണ് കിടങ്ങില്‍ ഗോപിയെയാണ്(56) വീട്ടില്‍ നിന്ന് പിടികൂടിയത്. എന്നാല്‍ കേസുമായി ബന്ധമില്ലാത്ത ആളെയാണ് അറസ്റ്റ് ചെയ്തതെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ എക്‌സൈസ് സംഘത്തെ തടഞ്ഞു. പിന്നീട് ചിറ്റാറില്‍ നിന്നും പൊലീസ് എത്തിയ ശേഷമാണ് പ്രതിഷേധക്കാര്‍ പിന്‍മാറിയത്.

ഇന്നലെ രാവിലെ ഏഴരയോടെയാണ് പത്തനംതിട്ട ജില്ലാ സെഷ്യല്‍ സ്‌ക്വാഡ്, എക്‌സൈസ് ഇന്‍ന്റലിജന്‍സ് ബ്യൂറോ എന്നിവരടങ്ങിയ സംഘം പരിശോധനയ്ക്കായി സ്ഥലത്തെത്തിയത്. തുടര്‍ന്ന് വീടിന്റെ പരിസരത്ത് നിന്നും 760 ലിറ്റര്‍ കോടയും ഗോപിയുടെ പക്കല്‍ നിന്ന് 650 മില്ലി ചാരായവും കണ്ടെടുത്തതിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം അറസ്റ്റിലേക്ക് നീങ്ങിയത്.

പ്രതിയുമായി സ്റ്റേഷനിലേക്ക് പോകുന്നതിനിടെ മുണ്ടന്‍പാറ പാലത്തില്‍ വെച്ച് സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ്, പഞ്ചായത്ത് ആംഗം ടോബി ടി ഈശോ, സിപിഐഎം ലോക്കല്‍ സെക്രട്ടറി മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലുളള ഒരു സംഘം ആളുകള്‍ ചേര്‍ന്ന് എക്‌സൈസ് സംഘത്തെ തടഞ്ഞു. പിടിച്ചെടുത്ത ലഹരി പദാര്‍ത്ഥങ്ങളില്‍ ഗോപിക്ക് പങ്കില്ലെന്നും കണ്ടെടുത്തതായി പറയുന്ന കോടയും അനുബന്ധ സാധനങ്ങളും അയല്‍വാസിയുടെ പ്രസവ ശുശ്രൂഷയ്ക്കായി തയ്യാറാക്കിയ മരുന്നാണെന്നുമാണ് ഇവരുടെ വാദം. തര്‍ക്കങ്ങള്‍ക്കിടയില്‍ ഗോപിയുമായി വന്ന ജീപ്പ് മറ്റൊരു വഴിയിലൂടെ സ്റ്റേഷനിലേക്ക് പോയി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.

പ്രതിഷേധങ്ങള്‍ക്കിടെ എക്‌സൈസ് സംഘം പൊലീസിന്റെ സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചിറ്റാര്‍ എസ്‌ഐ ബി രാജേന്ദ്രന്‍ പിളളയുടെ നേതൃത്വത്തിലുളള സംഘം സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് പ്രതിഷേധക്കാരുമായി സംസാരിച്ച് തര്‍ക്കം പരിഹരിക്കുകയായിരുന്നു.


ചാരായ വാറ്റുകാരെ സംരക്ഷിക്കുന്ന സമീപനമാണ് എക്‌സൈസ് സ്വീകരിക്കുന്നതെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ 1000 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. അതേസമയം ചാരായ വാറ്റ് കേന്ദ്രങ്ങളുടെ പരിശോധനകള്‍ക്കായി ചിറ്റാര്‍ എക്‌സൈസും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. അവിടെവെച്ച് വീണ്ടും ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. കണ്ടെടുത്ത വാറ്റുപകരണങ്ങളും കോടയും എക്‌സൈസിനെ ഏല്‍പ്പിക്കാല്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇവ പഞ്ചായത്ത് ഓഫീസില്‍ എത്തിച്ച ശേഷമെ കൈമാറുകയുളളു എന്ന് ജനകീയ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു. ഇതോടെയാണ് തര്‍ക്കങ്ങള്‍ ശമിച്ചത്.

എക്‌സൈസ് സംഘത്തെ ആക്രമിച്ച പ്രതികള്‍ എല്ലാവരും ഒളിവിലാണ്. ആരെയും അറസ്റ്റ് ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഗുരുനാഥന്‍മണ്ണ്, കുന്നം, 22-ാം ബ്ലോക്ക് എന്നീ പ്രദേശങ്ങളില്‍ ചാരായവാറ്റ് സജീവമാണ്. വരും ദിവസങ്ങളില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്താനാണ് തീരുമാനം.

STORY HIGHLIGHTS: Liquor was captured; The Panchayat President and his team prevented the arrest of the accused

Next Story