Top

തൃശൂരില്‍ വന്‍ വിദേശ മദ്യ വേട്ട; 50 ലക്ഷം രൂപയുടെ 3600 ലിറ്റര്‍ മാഹി മദ്യം പിടികൂടി

സംഭവത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തു

25 July 2022 3:07 AM GMT
അനുശ്രീ പി.കെ

തൃശൂരില്‍ വന്‍ വിദേശ മദ്യ വേട്ട; 50 ലക്ഷം രൂപയുടെ 3600 ലിറ്റര്‍ മാഹി മദ്യം പിടികൂടി
X

തൃശൂര്‍: ചേറ്റുവയില്‍ വന്‍ വിദേശ മദ്യവേട്ട. ഓണം ആഘോഷങ്ങളോടനുബന്ധിച്ചു ചില്ലറവില്‍പ്പനക്കായി മാഹിയില്‍ നിന്നും കൊണ്ടുവന്ന 50 ലക്ഷം രൂപ വിലമതിക്കുന്ന 3600 ലിറ്റര്‍ അനധികൃത വിദേശ മദ്യമാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോണ്‍ഗ്രെ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പ്രത്യക പോലീസ് സംഘവും വാടാനപ്പിളളി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടികൂടിയത്.

പ്രതികളായ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ്, കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സജി എന്നിവരെയാണ് വിവിധ ബ്രാന്റുകളിലുളള 3600 ലിറ്റര്‍ അനധികൃത വിദേശമദ്യം വാഹനം സഹിതം വാടാനപ്പള്ളി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ചേറ്റുവയില്‍ നിന്നും അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് പോലീസ് നടത്തിയ വലിയ അനധികൃത വിദേശമദ്യ വേട്ടകളില്‍ ഒന്നാണിത്.

പിടികൂടിയ വിദേശമദ്യം ഓണം സീസണ്‍ ലക്ഷ്യമിട്ടാണ് മാഹിയില്‍ നിന്നും വിവിധ വാഹനങ്ങളില്‍ കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് ചില്ലറവില്പനക്ക് വേണ്ടി കൊണ്ടുവന്നിരുന്നതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇതിന്റെ ഉറവിടത്തെക്കുറിച്ചും സാമ്പത്തിക സഹായം നല്‍കുന്നവരെ കുറിച്ചും, പ്രതികളില്‍ നിന്നും മദ്യംവാങ്ങി വില്‍ക്കുന്നവരെയും കുറിച്ചും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.

Next Story