'ലിനിയുടെ മക്കള്‍ക്ക് അമ്മയെ ലഭിക്കുന്നു'; സജീഷിനും കുടുംബത്തിനും ആശംസകളുമായി മന്ത്രി വീണാ ജോര്‍ജ്
ഈ മാസം 29ന് വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിലാണ് വിവാഹം. ലിനിയുടെ കുടുംബം ഉള്‍പ്പെടെ മൂന്നു കുടുംബങ്ങളും ചേര്‍ന്നാണ് വിവാഹം നിശ്ചയിച്ചത്
26 Aug 2022 6:47 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: രോഗിയെ പരിചരിക്കുമ്പോള്‍ നിപാ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ പുനര്വിവാഹിത്തിന് ആശംസകളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊയിലാണ്ടി പന്തലായനി സ്വദേശിയായ അധ്യാപിക പ്രതിഭയാണ് വധു. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കിലാണ് മന്ത്രി കുറിപ്പ് പങ്കുവച്ചത്.
പ്രിയപ്പെട്ട സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് അമ്മയെ ലഭിക്കുന്നു. സജീഷ് വിവാഹിതനാകുകയാണ്. വിവാഹകാര്യം സജീഷ് വിളിച്ചറിയിച്ചെന്നും ആശംസകള്‍ നേരുന്നെന്നും മന്ത്രി പറഞ്ഞു. സജീഷും പ്രതിഭയും മക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
ഈ മാസം 29ന് വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിലാണ് വിവാഹം. ലിനിയുടെ കുടുംബം ഉള്‍പ്പെടെ മൂന്നു കുടുംബങ്ങളും ചേര്‍ന്നാണ് വിവാഹം നിശ്ചയിച്ചത്. ലിനിയുടെ മരണ ശേഷം മക്കളായ ഋതുല്‍, സിദ്ധാര്‍ഥ് എന്നിവര്‍ക്കൊപ്പം ചെമ്പനോടയിലെ വീട്ടിലാണ് താമസം. ലിനിയോടുള്ള ആദര സൂചകമായി സജീഷിന് സര്‍ക്കാര്‍ ജോലിയും നല്‍കിയിരുന്നു. ഇപ്പോള്‍ പന്നിക്കോട്ടൂര്‍ പിഎച്ച്സിയില്‍ ക്ലര്‍ക്കാണ് സജീഷ്. പ്രതിഭയ്ക്ക് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകളുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നിപയ്ക്കെതിരേയുള്ള പോരാട്ടത്തിനിടെ നിപ ബാധിച്ച് ജീവന് വെടിയേണ്ടി വന്ന പ്രീയപ്പെട്ട സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് അമ്മയെ ലഭിക്കുന്നു. സജീഷ് വിവാഹിതനാകുകയാണ്. സജീഷ് എന്നെ വിളിച്ച് വിവാഹ വിശേഷം പങ്കുവച്ചു. സജീഷിനും കുടുംബത്തിനും എല്ലാ ആശംസകളും നേര്‍ന്നു. വധുവിന്റെ പേര് പ്രതിഭ എന്നാണ്. മക്കള്‍ പ്രതിഭയുമായി നല്ല രീതിയില്‍ ഇണങ്ങി എന്നാണ് സജീഷ് അറിയിച്ചത്. ലിനിയുടേയും സജീഷിന്റേയും ഇളയ മകന് ഒന്നാം ക്ലാസിലും മൂത്ത മകന് നാലാം ക്ലാസിലുമാണ് പഠിക്കുന്നത്. പ്രതിഭയ്ക്ക് ഒരു മകളുണ്ട്. എല്ലാ സ്നേഹാശംസകളും നേരുന്നു.
Story highlights: 'Lini's children get their mother'; Minister Veena George wished Sajeesh and his family
- TAGS:
- Veena George
- lini