Top

'എന്നെ അപമാനിക്കുന്നവരോട് സഹതാപം മാത്രം'; കെ ആര്‍ നാരായണന്റെ വാക്കുകള്‍ പങ്കുവെച്ച് പെല്ലിശ്ശേരി, വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ

മുൻ രാഷ്‌ട്രപതി കെ ആർ നാരായണന്റെ വാക്കുകൾ പങ്കുവെച്ചാണ് ലിജോ തന്റെ ഐക്യദാർഢ്യം അറിയിച്ചത്.

14 Dec 2022 6:08 AM GMT
ഫിൽമി റിപ്പോർട്ടർ

എന്നെ അപമാനിക്കുന്നവരോട് സഹതാപം മാത്രം; കെ ആര്‍ നാരായണന്റെ വാക്കുകള്‍ പങ്കുവെച്ച് പെല്ലിശ്ശേരി, വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ
X

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. 'ആരെങ്കിലും എന്നെ അപമാനിച്ചാൽ അയാളോട് എനിക്ക് അനന്തമായ സഹതാപം മാത്രമേ തോന്നൂ', എന്ന മുൻ രാഷ്‌ട്രപതി കെ ആർ നാരായണന്റെ വാക്കുകൾ പങ്കുവെച്ചാണ് ലിജോ തന്റെ ഐക്യദാർഢ്യം അറിയിച്ചത്. ഒപ്പം കെ ആർ നാരായണന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.


ഇന്നലെ 27-മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രധാനവേദിയായ ടാഗോറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ കമൽ, ആഷിഖ് അ‌ബു, ജിയോ ബേബി, മഹേഷ് നാരായണൻ, സജിത മഠത്തിൽ, വിധു വിൻസെന്റ്, ബിജിപാൽ, ഷഹബാസ് അ‌മൻ, കമാൽ കെ എം, ശീതൾ ശ്യാം തുടങ്ങിയവർ പങ്കെടുക്കുകയും തങ്ങളുടെ ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തിരുന്നു. സ്ഥാപനത്തിലെ വിദ്യാർത്ഥികളോടും ജീവനക്കാരോടും ഡയറക്ടർ ശങ്കർ മോഹൻ ജാതി വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് ദിവസങ്ങളായി സമരം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചലച്ചിത്രമേള വേദിയിലും പ്രതിഷേധം നടന്നത്.

എത്ര ഉന്നതനായ ചലച്ചിത്രക്കാരൻ ഇതിന്റെ മുകളിലിരുന്ന് ചരട് വലിച്ചാലും സമരം വിജയിക്കും വരെ ഒപ്പമുണ്ടാകുമെന്നാണ് ആഷിഖ് അബു പറഞ്ഞത്. വിദ്യാർത്ഥികൾ ഇവിടെ സമരം ചെയ്യുമ്പോൾ രാഷ്ട്രീയ കക്ഷികൾ എല്ലാവരും മൗനം പാലിക്കുകയാണ്. വിഷയത്തിൽ സർക്കാർ അ‌ന്വേഷണം പ്രഖ്യാപിക്കണമെന്നും ചലച്ചിത്രമേള വേദിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെ അ‌ദ്ദേഹം ആവശ്യപ്പെട്ടു.

'വിദ്യാർത്ഥികൾ ആരും ഭയക്കരുത്, ഇതൊരു സർട്ടിഫിക്കറ്റ് മാത്രമേയുള്ളു. ഇതിൽ വലിയ കാര്യമൊന്നുമില്ല. സർട്ടിഫിക്കറ്റ് കൊണ്ട് ഒരു കാര്യവുമില്ല, സിനിമ പഠിക്കാൻ നിങ്ങൾ ഒരു സ്ഥലത്ത് എത്തി എന്നുമാത്രം. നിങ്ങൾക്ക് വേണ്ടി മലയാള സിനിമ മുഴുവൻ കാത്തിരിക്കുകയാണ്, പുറത്തേക്ക് വരിക, സിനിമ ചെയ്യുക. ഒരു കാര്യം കൂടി വ്യക്തമാക്കാനുണ്ട്. ഒരു കത്തിൽ ഇവിടുത്തെ ഡയറക്ടർ പറയുകയുണ്ടായി 30 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്കൊപ്പം ചേർന്നാൽ വയസ്സന്മാരായി പോകും എന്ന്. സിനിമയിൽ പ്രായമില്ല മനുഷ്യാ. ഞാൻ എഡിറ്റ് ചെയ്തു തുടങ്ങിയത് ലെനിൻ രാജേന്ദ്രന്റെ കൂടിയാണ്. അന്ന് എനിക്ക് 26 വയസ്സാണ് പ്രായം. ഞാൻ നശിച്ചു പോയിട്ടില്ല. ഞങ്ങളെല്ലാവരും വിദ്യാർത്ഥികൾക്കൊപ്പമാണ്', എന്നാണ് മഹേഷ് നാരായണന്റെ പ്രതികരണം.

story highlights: lijo jose pelliserry in solidarity with students protest of k r narayanan film institute

Next Story