Top

'ജനവികാരം അവഗണിച്ച് സിപിഐഎമ്മിനൊപ്പം നിൽക്കണോ?'; കെ റെയിലിനെതിരെ കാനം രാജേന്ദ്രന് സിപിഐ നേതാക്കളുടെ മക്കളുടെ കത്ത്

സി അച്യുതമേനോന്‍, കെ ദാമോദരന്‍, എം എന്‍ ഗോവിന്ദന്‍ നായര്‍, എന്‍ ഇ ബാലറാം എന്നിവരുടെ മക്കളുള്‍പ്പെടെ 20 പേരാണ് കത്തെഴുതിയിരിക്കുന്നത്.

14 March 2022 5:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജനവികാരം അവഗണിച്ച് സിപിഐഎമ്മിനൊപ്പം നിൽക്കണോ?; കെ റെയിലിനെതിരെ കാനം രാജേന്ദ്രന് സിപിഐ നേതാക്കളുടെ മക്കളുടെ കത്ത്
X

തിരുവനന്തപുരം: കെ റെയില്‍ വിഷയത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍കാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കള്‍. ജനവികാരം അവഗണിച്ച് സിപിഎം നിലപാടിനോടൊപ്പം സിപിഐ നില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാക്കളുടെ മക്കള്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തെഴുതി. സി അച്യുതമേനോന്‍, കെ ദാമോദരന്‍, എം എന്‍ ഗോവിന്ദന്‍ നായര്‍, എന്‍ ഇ ബാലറാം എന്നിവരുടെ മക്കളുള്‍പ്പെടെ 20 പേരാണ് കത്തെഴുതിയിരിക്കുന്നത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടര്‍ച്ചയായി തങ്ങളിപ്പോഴും പ്രതീക്ഷയോടെ കാണുന്ന സിപിഐയുടെ വര്‍ത്തമാനകാല അവസ്ഥയെക്കുറിച്ചുള്ള ആശങ്കയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചതെന്നു പറഞ്ഞുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. കെ റെയില്‍ വിഷയത്തില്‍ സിപിഐയുടെ നിലപാട് മനസിലാക്കാന്‍ കഴിയുന്നില്ലെന്നു കത്തില്‍ വിമര്‍ശിക്കുന്നു.

''കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെറ കാലത്തായാലും ഈ സര്‍ക്കാര്‍ ഭരണം തുടങ്ങിയശേഷവും നിര്‍ണായകമായ പല പ്രശ്നങ്ങളിലും ആവശ്യമായ സമയങ്ങളില്‍ എതിര്‍പ്പ് രേഖപ്പെടുത്താന്‍ സിപിഐ നേതൃത്വം തയാറായിരുന്നു. ലോകായുക്ത നിയമഭേദഗതിയുടെ കാര്യത്തില്‍ സിപിഐയുടെ നിലപാട് ശരിയുടെ ഭാഗസ്ഥത്തുനില്‍ക്കുന്നതാണ്. എന്നാല്‍ കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് മനസിലാക്കാന്‍ കഴിയുന്നില്ല,''

''കെ റെയില്‍ പോലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ള ഒരു പ്രശ്നം വരുമ്പോള്‍ വിപുലമായ യാതൊരു ചര്‍ച്ചയും കൂടാതെ കൂടാതെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു നിലപാടെടുക്കുന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ല. ജനവികാരം അവഗണിച്ചുള്ള സിപിഎം നിലപാടിനോടൊത്ത് നില്‍ക്കാന്‍ സിപിഐക്കു യാതൊരു ബാധ്യതയുമില്ല. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളില്‍ ഏതെങ്കിലും ജനവിരുദ്ധമാണെങ്കില്‍ മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ, കെ റെയില്‍ വിഷയത്തിലും അത് തുറന്നുപറയാന്‍ കഴിയണം. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ വ്യക്തിത്വം നഷ്ടപ്പെടുത്തുന്ന രീതി ആവശ്യമില്ല. പ്രത്യേകിച്ച് ബംഗാളിന്റെ അനുഭവം മുന്നിലുള്ളപ്പോള്‍.''

'' ഞങ്ങളുടെ മാതാപിതാക്കള്‍ അടക്കമുള്ള പതിനായിരങ്ങള്‍ ജീവിതം കൊടുത്ത് പടുത്തുയര്‍ത്തിയ സിപിഐ ഇന്നത്തേതിലും മികച്ച രീതിയില്‍ മമുന്നില്‍ നില്‍ക്കേണ്ട പ്രസ്ഥാനമാണെന്നതില്‍ തര്‍ക്കമില്ല. ആ ഇച്ഛാശക്തി കെ റെയില്‍ വിഷയത്തിലും കാണിക്കാന്‍ സിപിഐ നേതൃത്വം തയാറാകണം. മനസിലാക്കിയിടത്തോളം പലവിധത്തിലും കേരളത്തിന്റെ ഭാവിതാല്‍പ്പര്യങ്ങളെ പലവിധത്തില്‍ ഹനിക്കാന്‍ പോകുന്ന പദ്ധതിയാണിത്. പദ്ധതിക്കു പാര്‍ട്ടി നേതൃത്വം പച്ചക്കൊടി കാണിക്കുന്നതിനു മുന്‍പ് ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെളെ വിശകലനം ചെയ്ത് തുറന്നു സംസാരിക്കാന്‍ കഴിവുള്ള പ്രമുഖരായ സാമ്പത്തിക-സാമൂഹിക-പരിസ്ഥിതി വിദഗ്ധരെ വിളിച്ചുകൂട്ടി സമഗ്രമായ യോഗം നടത്തണം.''

മൂന്നു ലക്ഷം കോടി പൊതുകടമുള്ള സംസ്ഥാനത്തിനു താങ്ങാന്‍ കഴിയുന്നതിനുമപ്പുറമുള്ള സാമ്പത്തിക ബാധ്യത വരുത്തുന്നതും ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതും പാരിസ്ഥിതിക നാശം വരുത്തുന്നതുമായ സില്‍വര്‍ലൈന്‍ പോലുള്ള പദ്ധതിയാണോ കേരളരത്തിന് ആവശ്യമെന്ന ജനങ്ങളുടെ ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്‍കാന്‍ നീതിയുടെ ഭാഗത്തുനിന്നു വ്യതിചലിക്കാതെ തയാറാവണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

സി അച്യുത മേനോന്റെ മകന്‍ ഡോ. വി രാമന്‍കുട്ടി, കെ ദാമോദരന്റെ മകന്‍ കെ പി ശശി, എംഎന്‍ ഗോവിന്ദന്‍ നായരുടെ മകള്‍ അംബിക നായര്‍, എന്‍ ഇ ബാലറാമിന്റെ മക്കളായ മേഘനാഥ് എന്‍ ഇ, അയിഷ ശശിധരന്‍, ശര്‍മാജിയുടെ മക്കളായ എസ് അനിത, എസ് ശാന്തി, എസ് അശോക്, എസ് ശങ്കര്‍, സി ഉണ്ണിരാജയുടെ മക്കളായ ശാരദ മൊഹന്തി, പി ബാബുരാജ്, കെ ഗോവിന്ദപ്പിള്ളയുടെ മകള്‍ ഡോ.കെജി താര, പിടി പുന്നൂസിന്റെയും റോസമ്മ പുന്നൂസിന്റെയും മക്കളായ ഡോ. തോമസ് പുന്നൂസ്, ഡോ. ഗീത പുന്നൂസ്, കെ മാധവന്റെ മകന്‍ ഡോ. അജയകുമാര്‍ കോടോത്ത്, പോടോര കുഞ്ഞിരാമന്‍ നായരുടെ മകന്‍ ഡോ. സത്യന്‍ പോടോര, പവനന്റെ മകന്‍ ഡോ. സി പി രാജേന്ദ്രന്‍, വി വി രാഘവന്റെ മകള്‍ പ്രൊഫ. സി വിമല, പുതുപ്പള്ളി രാഘവന്റെ മകള്‍ ഷീല രാഹുലന്‍, കാമ്പിശേരി കരുണാകരന്റെ മകള്‍ ഡോ. കെ ഉഷ എന്നിവരാണ് കത്ത് പുറപ്പെടുവിച്ചത്.

STORY HIGHLIGHTS: Letter from the children of CPI leaders to Kanam Rajendran against K Rail

Next Story