നഗരസഭാ കത്ത് വിവാദം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി
നിഗൂഢ കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
16 Dec 2022 6:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: തിരുവനന്തപുരം നഗരസഭാ കത്ത് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കാന്‍ തക്ക തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഹര്ജിക്കാരന് പരാജയപ്പെട്ടതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് ഹര്‍ജി തള്ളിയത്. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിഗൂഢ കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. മുന്‍ കൗണ്‍സിലര്‍ ജി എസ് സുനില്‍ കുമാറാണ് ഹര്ജിക്കാരന്. മേയര്‍ ആര്യാ രാജേന്ദ്രന്റെ നടപടി സ്വജനപക്ഷപാതമാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും ചൂണ്ടികാട്ടിയാണ് ഹര്‍ജി തള്ളിയത്.
മേയര്‍, എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര് അനില്‍, സര്‍ക്കാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ജിഎസ് സുനില്‍ കുമാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഡി ആര് അനിലിന്റെ വിവാദ കത്തിനെകുറിച്ചും അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹര്‍ജിയില്‍ മേയറുടെ മറുപടി കോടതി തേടിയിരുന്നു. സ്വജനപക്ഷപാതം നടത്തിയിട്ടില്ലെന്നും ഇത്തരത്തിലൊരു കത്ത് താന്‍ കൈമാറായിട്ടില്ലെന്നുമായിരുന്നു മേയറുടെ മറുപടി.
Story Highlights: letter controversy the High Court dismissed the plea seeking CBI probe