Top

'പിന്‍വാതിലിലൂടെ പാര്‍ട്ടിക്കാരെ തിരുകി കയറ്റുന്നത് സിപിഐഎം അജണ്ടയല്ല''; കത്ത് വിവാദത്തില്‍ സിപിഐഎം

തിങ്കളാഴ്ച്ച ചേരുന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും വിഷയം ചര്‍ച്ച ചെയ്യും

6 Nov 2022 10:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിന്‍വാതിലിലൂടെ പാര്‍ട്ടിക്കാരെ തിരുകി കയറ്റുന്നത് സിപിഐഎം അജണ്ടയല്ല; കത്ത് വിവാദത്തില്‍ സിപിഐഎം
X

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കത്ത് വ്യാജമാണെന്ന് മേയര്‍ അറിയിച്ചു. പിന്‍വാതിലിലൂടെ പാര്‍ട്ടിക്കാരെ തിരുകി കയറ്റുകയെന്നത് സിപിഐഎം അജണ്ടയല്ലെന്നും എംവി ഗോവിന്ദന്‍ വിശദീകരിച്ചു.

'നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മേയര്‍ അറിയിച്ചിട്ടുണ്ട്. ആവശ്യമായ പരിശോധന നടക്കട്ടെ. പിന്‍വാതിലിലൂടെ പാര്‍ട്ടിക്കാരെ തിരുകി കയറ്റുകയെന്നത് എല്‍ഡിഎഫിന്റെയോ സിപിഐഎമ്മിന്റെയോ അജണ്ടയല്ല. അര്‍ഹതയുള്ളവര്‍ വരട്ടെ. പ്രചാരവേലയാണ് പാര്‍ട്ടിക്കെതിരെ നടക്കുന്നത്. 295 പേരേയും എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖേന നയമിക്കുമെന്നും വ്യക്തമാക്കി. ഇതില്‍ ഒളിച്ചുവെക്കാന്‍ ഒന്നുമില്ല.' എംവി ഗോവിന്ദന്‍ വിശദീകരിച്ചു.

അതേസമയം തിങ്കളാഴ്ച്ച ചേരുന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും വിഷയം ചര്‍ച്ച ചെയ്യും. പാര്‍ട്ടിയും മുന്നണിയും സര്‍ക്കാരും കത്തില്‍ പ്രതിരോധത്തിലായതോടെയാണ് യോഗം ചേരുന്നത്. യോഗത്തില്‍ എംവി ഗോവിന്ദന്‍ പങ്കെടുക്കില്ല.

പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്‌നങ്ങളാണ് ഇത്തരത്തിലൊരു കത്ത് പുറത്തുവന്നതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. കത്ത് ചോര്‍ത്തിയത് ആനാവൂരിനെ എതിര്‍ക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം കത്ത് സംബന്ധിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ പാര്‍ട്ടിക്കാവുന്നില്ല. കത്ത് കണ്ടിട്ടില്ല. വ്യാജമാണോയെന്ന് അറിയില്ലെന്നാണ് ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചത്.

Story Highlights: letter controversy Mayor gives explanation to cpim said mv govindan

Next Story