Top

'അഹംഭാവത്തിന് കൈയും കാലും വെച്ച രൂപമാണ് ആര്യാ രാജേന്ദ്രന്'; രാജിവെക്കുന്നത്‌വരെ സമരമെന്ന് കെ മുരളീധരന്‍

കത്ത് വിവാദത്തില്‍ മേയര്‍ക്കെതിരെ ഇന്നും തലസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നഗരസഭയ്ക്ക് മുന്നില്‍ നടന്ന പ്രതിഷേധം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

8 Nov 2022 7:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഹംഭാവത്തിന് കൈയും കാലും വെച്ച രൂപമാണ് ആര്യാ രാജേന്ദ്രന്; രാജിവെക്കുന്നത്‌വരെ സമരമെന്ന് കെ മുരളീധരന്‍
X

കോഴിക്കോട്: കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. ആര്യാ രാജേന്ദ്രന്‍ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. കത്ത് വ്യാജമാണെങ്കിലും അല്ലെങ്കിലും ആ സ്ഥാനത്ത് ഇരിക്കാന്‍ നിലവിലെ മേയര്‍ ആര്യാ രാജേന്ദ്രന് യോഗ്യതയില്ല. അഹംഭാവത്തിന് കൈയും കാലും വെച്ച രൂപമാണ് ആര്യയുടേതെന്നും മുരളീധരന്‍ കടന്നാക്രമിച്ചു.

'കത്ത് യഥാര്‍ത്ഥമെങ്കില്‍ ആര്യാ രാജേന്ദ്രന്‍ സത്യ പ്രതിജ്ഞാ ലംഘനം നടത്തി. മേയര്‍ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല. വ്യാജ കത്താണെങ്കില്‍ സ്വന്തം ഓഫീസിലെ ലെറ്റര്‍ പാഡും സീലും സൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്തിനാ ഈ സ്ഥാനത്ത് ഇരിക്കുന്നത്? നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അഹംഭാവത്തിന് കൈയ്യും കാലും വെച്ച രൂപമാണ് ആര്യാ രാജേന്ദ്രന്‍. ഞാന്‍ കൂടുതല്‍ പറയുന്നില്ല. എനിക്കെതിരായിട്ട് മുന്‍പേ കേസൊക്കെ എടുത്തതല്ലേ? ഇപ്പോള്‍ കണ്ടല്ലോ. മഹത്വം എന്താണെന്ന്? വളര്‍ത്തിക്കൊണ്ടുവന്നതാണ്. മുഖ്യമന്ത്രി അതിന്റെ ടോപ്പില്‍ നില്‍ക്കുമ്പോള്‍ ആര്യക്ക് ആര്യയുടെ സംഭാവന. പക്ഷെ, ആ കസേരയില്‍ ഇരിക്കാന്‍ പാടില്ല. എത്രയോ മഹാന്‍മാര്‍ ഇരുന്ന കസേരയാണ്. അവര്‍ ഇറങ്ങിപ്പോകുന്നത് വരെ യുഡിഎഫ് സമരം ചെയ്യും,' കെ മുരളീധരന്‍ പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേയും മുരളീധരന്‍ രംഗത്തെത്തി. ഗവര്‍ണറുടെ മാനസിക നില പരിശോധിക്കണം. എന്തും വിളിച്ചു പറയാവുന്ന നിലയില്‍ ഗവര്‍ണര്‍ എത്തിയെന്നാണ് മുരളീധരന്‍ വിമര്‍ശിച്ചത്. രാഷ്ട്രീയത്തിന്റെ പേരില്‍ മാധ്യമങ്ങളെ ഇറക്കി വിടുന്നത് അംഗീകരിക്കാന്‍ ആകില്ല. മാധ്യമങ്ങളെ വിലക്കുന്നതിനോട് യുഡിഎഫിന് യോജിപ്പില്ലെന്നും കെ മുരളീധരന്‍ കൂട്ടിചേര്‍ത്തു.

കത്ത് വിവാദത്തില്‍ മേയര്‍ക്കെതിരെ ഇന്നും തലസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നഗരസഭയ്ക്ക് മുന്നില്‍ നടന്ന പ്രതിഷേധം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആനാവൂര്‍ നാഗപ്പന്മാരുടെ ചെരുപ്പ് നക്കാത്തവര്‍ക്ക് ജോലി ഇല്ലാത്ത അവസ്ഥയാണെന്ന് ചെന്നിത്തല ആരോപിച്ചു. മേയറുടെ പേരില്‍ കത്ത് തയ്യാറാക്കിയതിന്റെ അന്വേഷണം കക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നത് ഇത് നീട്ടിക്കൊണ്ടുപോകാനാണെന്നും ചെന്നിത്തല ആരോപിച്ചു. 'മേയര്‍ ധിക്കാരം കുറയ്ക്കണം. മേയര്‍ രാജിവെക്കേണ്ട, ജനങ്ങള്‍ അടിച്ച് പുറത്താക്കും. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരന്‍ പിണറായി വിജയനാണ്. ഈ സര്‍ക്കാര്‍ വന്നതിന്റെ ഗുണം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. പെന്‍ഷന്‍ ഇല്ല, കിറ്റ് ഇല്ല. ബന്ധു നിയമനം, അഴിമതി എന്നിവ മാത്രം നടക്കുന്നു. ആനാവൂര്‍ നാഗപ്പന്മാര്‍ കേരളത്തെ കുട്ടിച്ചോറാക്കുന്നു. പങ്ക് കച്ചവടത്തില്‍ വിഹിതം കിട്ടാത്തവരാണ് മേയറുടെ കത്ത് പുറത്താക്കിയത്', ചെന്നിത്തല ആരോപിച്ചു.

മേയറുടെ ഓഫീസ് കവാടത്തിന് മുന്നില്‍ ബിജെപി കൊടിനാട്ടി. ഓഫീസിന് മുന്നില്‍ നിലത്ത് കിടന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. മേയര്‍ക്കെതിരെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പ്രതിഷേധം തുടരുകയാണ്. വീട്ടില്‍ നിന്നും ഓഫീസിലേക്ക് പോകാനിറങ്ങിയ മേയറെ പ്രവര്‍ത്തകര്‍ കരിങ്കെടി കാണിച്ചു. പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തുപുരം കോര്‍പ്പറേഷനിലെ താല്‍കാലിക നിയമനങ്ങള്‍ക്ക് പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക തേടി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് മേയര്‍ എഴുതിയത് എന്ന പേരില്‍ പുറത്തുവന്ന കത്താണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. കത്ത് എഴുതിയത് താനല്ലെന്ന് മേയര്‍ പ്രതികരിച്ചിരുന്നു.

Story Highlights:letter controversy K Muraleedharan against arya rajendran

Next Story