നിയമന കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍; വ്യാജ രേഖ ചമയ്ക്കലിന് കേസെടുക്കും
റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ആകും കേസെടുക്കുന്നത് അടക്കമുള്ള കാര്യത്തില്‍ തീരുമാനം ഉണ്ടാവുക
13 Nov 2022 5:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: നഗരസഭയിലെ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക ആവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് നല്‍കിയതായി പ്രചരിപ്പിച്ച കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തല്‍. മേയറുടെ കത്ത് കണ്ടിട്ടില്ലെന്ന ആനാവൂര്‍ നാഗപ്പന്റെ മൊഴി വിശ്വാസത്തിലെടുത്താണ് ക്രൈംബ്രാഞ്ച് നടപടി. ചൊവ്വാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ച് നീക്കം.
റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ആകും കേസെടുക്കുന്നത് അടക്കമുള്ള കാര്യത്തില്‍ തീരുമാനം ഉണ്ടാവുക. വ്യാജ രേഖ ചമച്ചതില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് എസ് പി ഡിജിപിക്ക് ശുപാര്‍ശ നല്‍കും. കത്ത് വിവാദത്തിലെ നടപടികള്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞ സാഹചര്യത്തിലാണ് നീക്കം. പ്രതിപട്ടികയില്‍ ആരും ഉള്‍പ്പെട്ടേക്കില്ല.
ഫോണില്‍ വിളിച്ച് ക്രൈബ്രാഞ്ച് ആനാവൂര്‍ നാഗപ്പന്റെ മൊഴിയെടുത്തത് വിവാദമായിരുന്നു. അതേസമയം മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറിന്റെ പരാതിയില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം ജില്ലാ സെക്രട്ടറിയുടേത് അടക്കം മൊഴിയെടുത്തിരുന്നു. നാളെ കോര്‍പ്പറേഷനിലെ മറ്റ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും.
അതേസമയം മേയര്‍ക്കെതിരെ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഇന്നുമുതല്‍ നഗരസഭ കാര്യാലയത്തിനകത്തും പുറത്തും ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എന്നാല്‍ മേയര്‍ക്കെതിരെ നടക്കുന്ന സമരങ്ങളെ നേരിടാന്‍ ബദല്‍ പ്രചാരണം നടത്താനാണ് സിപിഐഎം ഒരുങ്ങുന്നത്. ശനിയാഴ്ച നടന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ തീരുമാനം.
Story Highlights: letter controversy Crime branch will take case