'കത്ത് വ്യാജമാണോയെന്ന് അറിയില്ല'; മേയര്‍ രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎം
പാര്‍ട്ടിയില്‍ ആഭ്യന്തര അന്വേഷണത്തിന്റെ കാര്യമില്ലെന്നും വിവാദം ഒഴിവാക്കാനാണ് നിയമനം എംപ്ലോയിമെന്റ് എക്സ്ചേഞ്ചിന് കൈമാറിയതെന്നും ആനാവൂര്‍ നാഗപ്പന് നേരത്തെ വിശദീകരിച്ചിരുന്നു.
6 Nov 2022 6:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: മേയര്‍ അയച്ച കത്ത് വ്യാജമാണോയെന്ന് അറിയില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. കത്ത് കണ്ടിട്ടില്ല. വസ്തുത പൊലീസ് അന്വേഷിക്കട്ടെയെന്നും ആനാവൂര്‍ നാഗപ്പന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷം ആവശ്യപ്പെടുന്നത് പോലെ മേയര്‍ രാജി വെക്കേണ്ടതില്ലെന്നും ആനാവൂര്‍ നാഗപ്പന് വിശദീകരിച്ചു.
'കത്ത് കണ്ടിട്ടില്ല. മേയറോട് സംസാരിച്ചു. നിയമപരമായി മുന്നോട്ട് പോകും. കത്തിന്റെ വസ്തുത പൊലീസ് അന്വേഷിക്കട്ടെ. പാര്‍ട്ടിയില്‍ വിഭാഗീയതയില്ല. കത്ത് വ്യാജമാണോയെന്ന് അറിയില്ല. പാര്‍ട്ടി പരിശോധിക്കും. പ്രതിപക്ഷത്തിന് മാധ്യമം ഇന്ധനം കൊടുക്കുകയാണ്. മേയര്‍ രാജിവെക്കേണ്ടതില്ല. മേയറെ തെരഞ്ഞെടുത്തത് പ്രതിപക്ഷമല്ല. നാട്ടുകാരാണ്. വസ്തുത പുറത്ത് വരട്ടെ.' ജില്ലാ സെക്രട്ടറി വിശദീകരിച്ചു.
പാര്‍ട്ടിയില്‍ ആഭ്യന്തര അന്വേഷണത്തിന്റെ കാര്യമില്ലെന്നും വിവാദം ഒഴിവാക്കാനാണ് നിയമനം എംപ്ലോയിമെന്റ് എക്സ്ചേഞ്ചിന് കൈമാറിയതെന്നും ആനാവൂര്‍ നാഗപ്പന് നേരത്തെ വിശദീകരിച്ചിരുന്നു.
കോര്‍പ്പറേഷനിലെ ആരോഗ്യ വിഭാഗത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ 295 ഒഴിവുണ്ടെന്നും മുന്‍ഗണന ലിസ്റ്റ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ അയച്ച കത്താണ് വിവാദമായത്. അതേസമയം അങ്ങനെ ഒരു കത്ത് താന്‍ നല്‍കിയിട്ടില്ലെന്ന് ആര്യ രാജേന്ദ്രന് വിശദീകരിച്ചു.മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്. കോര്‍പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്.