ഇനി തടസ്സമില്ലാതെ ഓടാം...; എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനം ചെയ്തു
പാലം യാഥാര്‍ഥ്യമായതോടെ എടപ്പാളിലെ ഏറെ നാളത്തെ ഗതാഗത തടസത്തിന് പരിഹാരമാകും.
8 Jan 2022 7:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഏറെ നാളത്തെ ഗതാഗതകുരുക്കിന് പരിഹാരമായി എടപ്പാള്‍ മേല്‍പ്പാലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മേല്‍പാലം ഉദ്ഘാടനം ചെയ്തു. കിഫ്ബിയില്‍ നിന്ന് 13.6 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്.
തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍ സംഗമിക്കുന്ന ജങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ മുന്‍ മന്ത്രിയും നിലവില്‍ തവനൂര്‍ എംഎല്‍എയുമായ കെ.ടി ജലീല്‍ മുന്‍കൈയെടുത്താണ് മേല്‍പ്പാലമെന്ന ആശയമുദിച്ചത്.
കോഴിക്കോട്- തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാല നിര്‍മ്മാണം പൂര്‍ണമായും സര്‍ക്കാര്‍ ഭൂമിയിലൂടെയാണ് കടന്നു പോകുന്നത്. ഏഴര മീറ്റര്‍ വീതിയും പാര്‍ക്കിങ് സൗകര്യവും വശങ്ങളില് മൂന്നര മീറ്റര്‍ സര്‍വീസ് റോഡും ഓരോ മീറ്റര്‍ വീതം ഫൂട്ട്പാത്തും ഉള്‍പ്പടെയാണ് പദ്ധതി. പാലത്തിന്റെ എട്ട് സ്പാനുകളാണ് ഉള്ളത്. പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന് ഏറെ അഭിമാനകരമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മുന്‍മന്ത്രിയും തവനൂര്‍ എംഎല്‍എയുമായ കെ ടി ജലീല്‍, മന്ത്രി വി അബ്ദുറഹിമാന്, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എംഎല്‍എ പി നന്ദകുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.