Top

'വി മുരളീധരന്‍ കേരളത്തിന് ചെയ്തത് ചര്‍ച്ച ചെയ്യാം'; മന്ത്രി ശിവന്‍കുട്ടിയെ വെല്ലുവിളിച്ച് ബിജെപി

'മന്ത്രി നിശ്ചയിക്കുന്ന സ്ഥലത്തും സമയത്തും ചര്‍ച്ചയ്ക്കെത്താം'

3 April 2022 5:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വി മുരളീധരന്‍ കേരളത്തിന് ചെയ്തത് ചര്‍ച്ച ചെയ്യാം; മന്ത്രി ശിവന്‍കുട്ടിയെ വെല്ലുവിളിച്ച് ബിജെപി
X

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കേരളത്തിനുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് വി ശിവന്‍കുട്ടിയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ബിജെപി നേതാവ് വിവി രാജേഷ്.

വി മുരളീധരന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴാണ് കേരളത്തിന്റെ റോഡ് വികസനത്തിനായി ആയിരക്കണക്കിന് കോടി രൂപ നിഥിന്‍ഗഡ്കരി വഴി കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുവദിച്ചുകിട്ടിയത്. യുക്രെയ്‌നിലെ യുദ്ധമുഖത്തുനിന്ന് മലയാളികളുള്‍പ്പെടെ നിരവധി കുട്ടികളെ വീടുകളിലെത്തിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗമായി നിന്നുകൊണ്ട് മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചതും വി മുരളീധരനാണ്. ഈ സമയത്ത് ശിവന്‍കുട്ടി യുക്രെയ്‌നില്‍ യുദ്ധമുഖത്ത് കുരുങ്ങിക്കിടക്കുന്ന കുട്ടികളോട് പറഞ്ഞത് എന്റെ ഫോണ്‍ നമ്പര്‍ കൈയിലില്ലേ വിളിച്ചാല്‍ മതിയെന്നാണ്. കേന്ദ്രമന്ത്രി വി മുരളീധരന്‍ ചെയ്ത കാര്യങ്ങളും മന്ത്രി വി ശിവന്‍കുട്ടി ചെയ്ത കാര്യങ്ങളും സംബന്ധിച്ച് തുറന്ന ചര്‍ച്ചയ്ക്ക് ബിജെപി തയ്യാറാണ്. മന്ത്രി നിശ്ചയിക്കുന്ന സ്ഥലത്തും സമയത്തും ചര്‍ച്ചയ്ക്കെത്താമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ രാജേഷ് വ്യക്തമാക്കി.

മന്ത്രി വി ശിവന്‍കുട്ടി നിയമസഭയ്ക്കുള്ളില്‍ മുണ്ടുമടക്കിക്കുത്തി കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ നശിപ്പിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടാക്കിയത്. എന്നിട്ടും അദ്ദേഹത്തെ രക്ഷിക്കാന്‍ ഖജനാവില്‍ നിന്ന് 16 ലക്ഷം മുടക്കി സുപ്രീംകോടതി അഭിഭാഷകനെ വച്ച് വാദിക്കുകയാണ്. ഇങ്ങനെ നഷ്ടങ്ങളുടെ കണക്കുമാത്രമാണ് ശിവന്‍കുട്ടിയ്ക്ക് പറയാനുള്ളതെങ്കില്‍ മറുപക്ഷത്ത് ബിജെപിക്ക് നേട്ടങ്ങളുടെ കണക്കാണ് പറയാനുള്ളത്. ഒ രാജഗോപാലും അല്‍ഫോണ്‍സ് കണ്ണന്താനവും കേന്ദ്രമന്ത്രിമാരായിരുന്നപ്പോഴും നിലവിലെ എംപി സുരേഷ്ഗോപിയും കേന്ദ്രമന്ത്രി വി മുരളീധരനുമെല്ലാം കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് കേരളത്തിനനുവദിപ്പിച്ചത്. സാധാരണക്കാരായ നിരവധിപേരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തുകയുമുണ്ടായി. ബിജെപി നേതാക്കളുടെ ജനാധിപത്യബോധം ചോദ്യം ചെയ്യുന്ന ശിവന്‍കുട്ടിക്ക് അല്പമെങ്കിലും ജനാധിപത്യബോധമുണ്ടെങ്കില്‍ അദ്ദേഹം കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിണറായി വിജയനെ പിന്തിരിപ്പിക്കുകയാണ് വേണ്ടത്. ജനങ്ങള്‍ മുഴുവന്‍ എതിര്‍ക്കുന്ന പദ്ധതിയാണിത്. ജനാധിപത്യബോധമുള്ളവരാണ് ബിജെപി നേതാക്കളെന്നതുകൊണ്ടാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രവര്‍ത്തിക്കുന്നതെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

വികസന വിരോധം സ്വന്തം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനംമുടക്കിയാണ് വി മുരളീധരനെന്ന് മന്ത്രി ശിവന്‍കുട്ടി ഇന്നലെ പറഞ്ഞിരുന്നു. 'കേന്ദ്രമന്ത്രിയായ വി മുരളീധരന്‍ സംസ്ഥാനത്ത് എത്തുമ്പോള്‍ നല്‍കേണ്ട എല്ലാ പരിഗണനകളും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പൈലറ്റും വാഹനവും ഉപയോഗിച്ചു കൊണ്ട് കേരളത്തിന്റെ തന്നെ വികസന പദ്ധതികളെ അട്ടിമറിക്കാന്‍ വി മുരളീധരന്‍ ശ്രമിക്കരുത്.' കേന്ദ്ര മന്ത്രി ആയതിന് ശേഷം ഒരു മുട്ടു സൂചിയുടെ വികസനം പോലും കേരളത്തില്‍ മുരളീധരന്‍ നടപ്പിലാക്കിയിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

'ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുന്ന രീതിയിലേക്ക് മുരളീധരന്റെ അല്‍പ്പത്തരം മാറുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുഴിയില്‍ ചാടിക്കാനാണ് വി മുരളീധരനും ബിജെപിയും ശ്രമിക്കുന്നത്. നാടിന്റെ വികസന പദ്ധതികളെ തുരങ്കം വെക്കുന്നവരെ ജനം തിരിച്ചറിയും. ഇന്ന് കണ്ടത് അതിന്റെ തുടക്കമാണ്. വരും നാളുകളില്‍ വീടുകള്‍ കയറിയിറങ്ങി നുണ പ്രചരിപ്പിക്കാനാണ് മുരളീധരന്റെ ശ്രമമെങ്കില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വന്നാല്‍ അത്ഭുതമില്ല.' കേരളത്തിന്റെ മഹാവികസന പദ്ധതിക്ക് മലയാളിയായ കേന്ദ്ര മന്ത്രി തുരങ്കം വെക്കുന്നത് അപമാനകരമെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടിയിരുന്നു.

STORY HIGHLIGHTS: 'Let us discuss what V Muraleedharan did for Kerala'; BJP challenges Minister Sivankutty

Next Story