സര്‍ക്കാരിന്റെ സി സ്പേസില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നൂറില്‍ താഴെ സിനിമകള്‍ മാത്രം; പരിശോധിക്കാന്‍ സമിതി
രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ സിനിമകളും സി സ്പേസില്‍ ഉള്‍പ്പെടുത്തില്ല
19 Aug 2022 1:59 AM GMT
ഫിൽമി റിപ്പോർട്ടർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് വേണ്ടി കെ എസ് എഫ് ഡി തയ്യാറാക്കിയ ഒടിടി പ്ലാറ്റഫോം സി സ്പേസ് പ്രതിസന്ധിയില്‍. ജൂണ്‍ ഒന്ന് മുതല്‍ രജിസ്ട്രേഷന് ആരംഭിച്ച പ്ലാറ്റ്ഫോമില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നൂറില്‍ താഴെ സിനിമകള്‍ മാത്രമാണ്. സി സ്പേസ് സംബന്ധിച്ച് നിര്‍മ്മാതാക്കളുടെ ആശങ്കകളാണ് സിനിമകളുടെ എണ്ണം കുറയാന്‍ കാരണം എന്നാണ് വിലയിരുത്തല്‍.
പ്രതിസന്ധി പരിഹാരത്തിനായി കെ എസ് എഫ് ഡിയും ചിത്രാജ്ഞലി സ്റ്റുഡിയോസും മെച്ചപ്പെട്ട പ്രദര്‍ശന സൗകര്യം ഒരുക്കും. ഇതിനായി അഞ്ചോ പത്തോ വര്‍ഷത്തിനിടെ സംസ്ഥാന, ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ച മലയാള സിനിമകള്‍ സി സ്പേസില്‍ പ്രദര്‍ശിപ്പിക്കും. തിയേറ്ററുകളില്‍ റിലീസ് ചെയ്ത സിനിമകള്‍ മാത്രമാകും സി സ്പേസില്‍ പ്രദര്ശിപ്പിക്കുകയെന്ന് നേരത്തെ അറിയിച്ചിരുന്നു. സിനിമകള്‍ക്ക് പുറമെ ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും.
അതേസമയം, രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ സിനിമകളും സി സ്പേസില്‍ ഉള്‍പ്പെടുത്തില്ല. രജിസ്റ്റര്‍ ചെയ്ത സിനിമകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ മാത്രമാകും സ സ്പേസില്‍ പ്രദര്‍ശിപ്പിക്കുക. ഇതിനായി രണ്ടോ മൂന്നോ പേര് അടങ്ങുന്ന വിദഗ്ദ സമതിയെ നിയോഗിക്കും. കലാ, സാംസ്കാരിക സമിതിയില്‍നിന്ന് ഉള്‍പ്പെടുത്തേണ്ട അംഗങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറായിട്ടുണ്ട്. കോര്‍പ്പറേഷന്റെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്ക് മുന്‍ഗണന നല്‍കും.
കേരളപ്പിറവി ദിനത്തിലാണ് സി സ്പേസ് പ്രവര്‍ത്തനം ആരംഭിക്കുക. സര്‍ക്കാരിന് കീഴില്‍ ഒടിടി സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സുതാര്യത ഉറപ്പാക്കുന്നതും ചലച്ചിത്ര നിര്‍മാതാവിന് പ്രേക്ഷകരുടെ എണ്ണമനുസരിച്ചു വരുമാനം ലഭിക്കുകയും ചെയ്യുന്ന ഏറ്റവും ആധുനിക രീതിയിലുള്ള സ്ട്രീമിംഗ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പ്രേക്ഷകന്റെ താല്പര്യപ്രകാരം തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് മാത്രം തുക നല്കുന്ന പേ പെര് വ്യൂ അടിസ്ഥാനത്തിലാണ് പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുക.
Story Highlights; less than 100 films have been registered in the government's ott platforms CSPACE