പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന ലെസ്ബിയൻ പ്രണയിനിയുടെ പരാതി; ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു
വീട്ടുകാർ തടഞ്ഞുവെച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും ആദില നസ്റിൻ കോടതിയിൽ ആവാശ്യപ്പെട്ടിരുന്നു.
31 May 2022 10:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

lesbian partners in Kerala
എറണാകുളം: പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന ലെസ്ബിയൻ പ്രണയിനിയുടെ പരാതിൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. പങ്കാളിയെ വീട്ടുകാർ ബലമായി പിടിച്ചുകൊണ്ടുപോയി തടവിലിട്ടിരിക്കുകയാണെന്ന് കാണിച്ച് ആലുവ സ്വദേശിനിയായ ആദില നസ്റിനാണ് പരാതി നൽകിയത്. ഹർജിയെ തുടർന്ന് കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. പെൺകുട്ടിയെ രക്ഷിതാക്കൾ ഹാജരാക്കുമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വീട്ടുകാർ തടഞ്ഞുവെച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും ആദില നസ്റിൻ കോടതിയിൽ ആവിശ്യപ്പെട്ടിരുന്നു. തനിക്കൊപ്പം താമസിക്കാൻ താൽപര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ വീട്ടുകാർ തടവിൽ വെച്ചിരിക്കുകയാണെന്ന് ആദിലയുടെ പരാതിയിൽ പറയുന്നു.
ആലുവയിലെ ബന്ധുവീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ആറ് ദിവസം മുമ്പ് പങ്കാളിയുടെ അമ്മയും ബന്ധുക്കളും ആലുവയിലെ ബന്ധു വീട്ടിലെത്തി ബലം പ്രയോഗിച്ച് പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന് ആദില പറയുന്നു. ഇതിന് തന്റെ ബന്ധുക്കളും കൂട്ടുനിന്നുവെന്നും ആദില നസ്റിൻ ആരോപിച്ചു. പ്രായപൂർത്തിയായവർ എന്ന നിലയിൽ രണ്ടുപേരേയും ഒന്നിച്ചു ജീവിക്കാൻ അനുവദിക്കണം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് നിയമ വ്യവസ്ഥ അനുസരിച്ച് ഇരുവരെയും സ്വതന്ത്രമായി ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്നാണ് ആദിലയുടെ നിലപാട്.
സൗദി അറേബ്യയിലെ സ്കൂൾ പഠനത്തിനിടെയാണ് ആലുവ സ്വദേശിയായ ആദില നസ്റിന് തമരശ്ശേരി സ്വദേശിനിയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ എതിര്‍പ്പായി. തുടര്‍ന്ന് കേരളത്തില്‍ എത്തിയതിന് ശേഷവും പ്രണയം തുടര്‍ന്നു. പിന്നീട് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച ഇരുവരും കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തിൽ താമസിച്ചു. ഇവിടെയെത്തിയ കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എത്തി ബഹളം വച്ചപ്പോള്‍ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
STORY HIGHLIGHTS: Lesbian Partner Filed a Habeas Corpus in High Court for Find Her Kidnapped Partner