ലെസ്ബിയൻ പ്രണയിനിയുടെ പരാതി; ആദില നസ്റിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
തന്നെ മർദിച്ചെന്ന ആദിലയുടെ പരാതിയിലാണ് നടപടി.
31 May 2022 7:58 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: ലെസ്ബിയൻ പ്രണയിനിയെ വീട്ടുകാർ തട്ടികൊണ്ടുപോയെന്ന പരാതി ഉന്നയിച്ച ആദില നസ്റിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ മർദിച്ചെന്ന ആദിലയുടെ പരാതിയിലാണ് നടപടി. പിതാവായ മുപ്പത്തടം സ്വദേശി മുഹമ്മദാലിയെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
തന്റെ പങ്കാളിയായ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കൾ തട്ടികൊണ്ടുപോയെന്നാരോപിച്ച് ആദില പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടപടി എടുക്കാത്തതിനെ തുടർന്ന് ആദില കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയായിരുന്നു. ഹർജിയെ തുടർന്ന് പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ ഹൈക്കോടതി അനുമതി നൽകി. ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ പങ്കാളിക്കൊപ്പം വിട്ടു.
സൗദി അറേബ്യയിലെ സ്കൂൾ പഠനത്തിനിടെയാണ് ആലുവ സ്വദേശിയായ ആദില നസ്റിന് തമരശ്ശേരി സ്വദേശിനിയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ എതിര്‍പ്പായി. തുടര്‍ന്ന് കേരളത്തില്‍ എത്തിയതിന് ശേഷവും പ്രണയം തുടര്‍ന്നു. പിന്നീട് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച ഇരുവരും കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തിൽ താമസിച്ചു. ഇവിടെയെത്തിയ കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ബഹളം വച്ചപ്പോള്‍ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇവിടെ നിന്നുമാണ് ബന്ധുക്കൾ ബലം പ്രയോഗിച്ച് ഫാത്തിമ നൂറയെ കൂട്ടികൊണ്ടുപോയത്.
STORY HIGHLIGHTS: Lesbian girlfriend's complaint; Adila Nazer's father arrested by police