'അമ്മപ്പുലി കുടുങ്ങീല്ല'; കൂഞ്ഞുമായി വീണ്ടും ഫോറസ്റ്റ് അധികൃതര്‍ മടങ്ങി
കുഞ്ഞുങ്ങളെ തേടി മൂന്നു തവണ കഴിഞ്ഞ ദിവസങ്ങളിലായി പുലി കൂടിനടുത്തേക്ക് എത്തിയതായും വ്യക്തമായിട്ടുണ്ട്.
12 Jan 2022 2:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട് ഉമ്മിനിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങളുടെ അമ്മപ്പുലിയെ പിടികൂടാനുള്ള വനംവകുപ്പ് അധികൃതരുടെ ശ്രമം വിഫലമായി. കുഞ്ഞുങ്ങളില്‍ ഫോറസ്റ്റ് അധികൃതരുടെ പക്കല്‍ അവശേഷിക്കുന്ന ഒരെണ്ണത്തെ കൂട്ടിലിട്ടുകൊണ്ട് അമ്മപ്പുലിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അമ്മപ്പുലി എത്തിയില്ല. തുടര്‍ന്ന് കുഞ്ഞിനെ തിരികെ ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയി. ജില്ല ഫോറസ്റ്റ് ഓഫീസര്‍ക്കാകും പുലിക്കുഞ്ഞിന്റെ ഉത്തരവാദിത്തം. ഇത് നാലാം ദിവസമാണ് അമ്മ പുലിയ്ക്കായി അധികൃതര്‍ കെണിവെയ്ക്കുന്നത്. എന്നാല്‍ അതും പരാജയപ്പെടുകയായിരുന്നു. നേരത്തെ പുലിക്കുഞ്ഞുങ്ങളെ കൂട്ടില്‍ വെച്ച് കൂട്ടിലേക്ക് പുലിയെ പിടികൂടാനായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. എന്നാല്‍ ബുദ്ധിമതിയായ അമ്മപ്പുലി കൂട്ടില്‍ നിന്നും തന്റെ കുഞ്ഞുങ്ങളിലൊന്നിനെ കൈകൊണ്ട് തട്ടി പുറത്തെക്കെടുത്ത് കടന്നു കളയുകയായിരുന്നു.
ആള്‍ത്താമസമില്ലാത്ത വീടിനുള്ളില്‍ കുഞ്ഞുങ്ങളെ തേടി അമ്മപ്പുലി എത്തിയതായി വനംവകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിരുന്നു. കുഞ്ഞുങ്ങളെ തേടി മൂന്നു തവണ കഴിഞ്ഞ ദിവസങ്ങളിലായി പുലി കൂടിനടുത്തേക്ക് എത്തിയതായും വ്യക്തമായിട്ടുണ്ട്.
പുലിയെ പിടികൂടി കുഞ്ഞുങ്ങളോടൊപ്പം കാട്ടിലേക്ക് അയക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. വനംവകുപ്പിന്റെ ദ്രുതകര്‍മ്മ സേന സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. പാലക്കാട് ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം 2 പുലിക്കുട്ടികളെ കണ്ടെത്തിയത്. പുലിക്കുഞ്ഞുങ്ങള്‍ക്ക് പതിനഞ്ച് ദിവസം പ്രായമുണ്ട്. പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയ മാധവന് എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീടും പറമ്പും 15 വര്‍ഷത്തോളമായി ആള്‍ത്താമസമില്ലാത്തതാണ്.
നാട്ടുകാരന് കൂടിയായ പൊന്നന് ആണ് ഈ വീടും പറമ്പും പരിപാലിക്കുന്നത്. വീട് വൃത്തിയാക്കുന്നതിനും മറ്റുമായി ഇന്ന് സംഭവസ്ഥലത്തേക്ക് എത്തിയ പൊന്നന് തെരുവുനായ്ക്കളെ ഓടിക്കാനായി വീടിന്റെ ജനലില്‍ തട്ടി ശബ്ദം പുറപ്പെടുപ്പിച്ചു. ഈ സമയത്താണ് വീടിന് പുറത്തേക്ക് അമ്മപ്പുലി പോകുന്നത് കണ്ടത്. പിന്നീട് ഇക്കാര്യം പൊന്നനാണ് നാട്ടുകാരെ അറിയിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് വനപാലകരേയും വിവരം അറിയിച്ചു തുടര്‍ന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്. എന്നാല്‍ അമ്മ പുലിയെ കണ്ടെത്താനായിരുന്നില്ല.