Top

പുലി ഭീതിയില്‍ വീണ്ടും വയനാട്, പൊഴുതനയില്‍ പശുവിനെ കൊന്നു

8 April 2022 7:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുലി ഭീതിയില്‍ വീണ്ടും വയനാട്, പൊഴുതനയില്‍ പശുവിനെ കൊന്നു
X

കല്‍പ്പറ്റ: വയനാട് പൊഴുതനയില്‍ ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങി. പൊഴുതനയില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ വളര്‍ത്തുപശുവിന്റെ ജഡം പുലി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് മേഖലയെ ഭീതിയിലായത്. അച്ചൂരിലെ മുഹമ്മദിന്റ പശുവിനെയാണ് പുലി കൊന്നത്. വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാല്‍പ്പാട് പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു.

മുഹമ്മദിന്റെ ഒന്നര വയസ്സ് പ്രായമുള്ള പശുവിനെയാണ് പുലി കൊന്നത്. വീടിനോട് ചേര്‍ന്ന വയലില്‍ മേയാന്‍ വിട്ട പശുവിനെ ബുധനാഴ്ച കാണാതായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ടോടെ പാതി ഭക്ഷിച്ച നിലയില്‍ പശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനായി സൂക്ഷിച്ച ജഡം വീണ്ടും വന്യജീവികള്‍ ഭക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച രണ്ട് നായകളെയും പകുതി ഭക്ഷിച്ച നിലയില്‍ പ്രദേശങ്ങളില്‍ കണ്ടെത്തിയിരുന്നു.

വളര്‍ത്തുമൃഗങ്ങളെ കൊന്ന് തിന്നത് പുലിയാണെന്ന നിഗമനത്തില്‍ എത്തിയതോടെ ജനങ്ങളും ആശങ്കയിലാണ്. ജനവാസ തോട്ടം മേഖലകളിലാണ് പുലിയുടെ സാന്നിധ്യം എന്നത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് പുലിയെ പിടികൂടി ജനങ്ങളുടെ ആശങ്കയകറ്റണമെന്നാണ് ആവശ്യം.

Content Highlight: leopard killed the cow in Pozhuthana Wayanad

Next Story