Top

അമ്മപ്പുലി സ്മാര്‍ട്ടാണ്; കൂട്ടില്‍ കയറിയില്ല; കുഞ്ഞിനെ കൈ കൊണ്ട് നീക്കിയെടുത്തു

11 Jan 2022 2:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമ്മപ്പുലി സ്മാര്‍ട്ടാണ്;  കൂട്ടില്‍ കയറിയില്ല; കുഞ്ഞിനെ കൈ കൊണ്ട് നീക്കിയെടുത്തു
X

പാലക്കാട് ഉമ്മിനിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങളുടെ അമ്മപ്പുലിയെ പിടികൂടാനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം പരാജയപ്പെട്ടു. പുലിക്കുഞ്ഞുങ്ങളെ കൂട്ടില്‍ വെച്ച് കൂട്ടിലേക്ക് പുലിയെ ആകര്‍ഷിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. എന്നാല്‍ ബുദ്ധിമതിയായ അമ്മപ്പുലി കൂട്ടില്‍ നിന്നും തന്റെ കുഞ്ഞുങ്ങളിലൊന്നിനെ കൈകൊണ്ട് തട്ടി പുറത്തെക്കെടുത്ത് കടന്നു കളഞ്ഞു.

പിന്നീട് വെളിച്ചവും ആള്‍ക്കാരുടെ ബഹളവും മൂലം രണ്ടാമത്തെ കുഞ്ഞിനെ കൊണ്ട് പോവാന്‍ പുലിക്കെത്താനായില്ല. ഇതേത്തുടര്‍ന്ന് രണ്ടാമത്തെ പുലിക്കുഞ്ഞിനെ ഡിഎഫ്ഒ ഓഫീസിലേക്ക് മാറ്റി. ഇന്ന് രാവിലെയോടെയാണ് അമ്മപ്പുലിയെത്തിയത്. ഇന്ന് രണ്ടാമത്തെ പുലിക്കുഞ്ഞുമായി നാളെയും ശ്രമം തുടരാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം. നേരത്തെ മൂന്ന് തവണയാണ് പുലി തന്റെ കുഞ്ഞുങ്ങൾക്കായി സ്ഥലത്തെത്തിയത്. എന്നാൽ കൂട്ടിൽ കയറാൻ തയ്യാറായിരുന്നില്ല,

പുലിയെ പിടികൂടി കുഞ്ഞുങ്ങളോടൊപ്പം കാട്ടിലേക്ക് അയക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. വനംവകുപ്പിന്റെ ദ്രുതകര്‍മ്മ സേന സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. പാലക്കാട് ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം 2 പുലിക്കുട്ടികളെ കണ്ടെത്തിയത്. പുലിക്കുഞ്ഞുങ്ങള്‍ക്ക് പതിനഞ്ച് ദിവസം പ്രായമുണ്ട്. പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയ മാധവന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീടും പറമ്പും 15 വര്‍ഷത്തോളമായി ആള്‍ത്താമസമില്ലാത്തതാണ്.

നാട്ടുകാരന്‍ കൂടിയായ പൊന്നന്‍ ആണ് ഈ വീടും പറമ്പും പരിപാലിക്കുന്നത്. വീട് വൃത്തിയാക്കുന്നതിനും മറ്റുമായി ഇന്ന് സംഭവസ്ഥലത്തേക്ക് എത്തിയ പൊന്നന്‍ തെരുവുനായ്ക്കളെ ഓടിക്കാനായി വീടിന്റെ ജനലില്‍ തട്ടി ശബ്ദം പുറപ്പെടുപ്പിച്ചു. ഈ സമയത്താണ് വീടിന് പുറത്തേക്ക് അമ്മപ്പുലി പോകുന്നത് കണ്ടത്. പിന്നീട് ഇക്കാര്യം പൊന്നനാണ് നാട്ടുകാരെ അറിയിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് വനപാലകരേയും വിവരം അറിയിച്ചു തുടര്‍ന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്. എന്നാല്‍ അമ്മ പുലിയെ കണ്ടെത്താനായിരുന്നില്ല.


Next Story