Top

പാലക്കാട് പുലിക്കുഞ്ഞുങ്ങളെ തേടി അമ്മപ്പുലിയെത്തി

10 Jan 2022 11:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട് പുലിക്കുഞ്ഞുങ്ങളെ തേടി അമ്മപ്പുലിയെത്തി
X

പാലക്കാട് ഉമ്മിനിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും വനം വകുപ്പ് കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങളെ തേടി അമ്മപ്പുലിയെത്തി. പുലിക്കെണി സ്ഥാപിച്ച സ്ഥലത്താണ് അമ്മപ്പുലിയെത്തിയത്. എന്നാല്‍ പുലിയെ പിടികൂടാനായില്ല. ഇതേത്തുടര്‍ന്ന് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

ഇന്നലെ രാത്രി 11.45 ഓടു കൂടിയാണ് പുലി സ്ഥലത്തെത്തിയത്. പുലിയുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇന്നലെ സ്ഥാപിച്ച കൂട്ടില്‍ പുലി കയറാത്തതിനാല്‍ കുറച്ചു കൂടി വലിയ കൂട് സ്ഥലത്ത് സ്ഥാപിക്കുമെന്നും വാളയാര്‍ റേഞ്ച് ഓഫീസര്‍ അറിയിച്ചു. നിലവിൽ പാലക്കാട് മൃഗാശുപത്രിയിലാണ് പുലിക്കുഞ്ഞുങ്ങളുള്ളത്.

പുലിയെ പിടികൂടി കുഞ്ഞുങ്ങളോടൊപ്പം കാട്ടിലേക്ക് അയക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. വനംവകുപ്പിന്റെ ദ്രുതകര്‍മ്മ സേന സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. പാലക്കാട് ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം 2 പുലിക്കുട്ടികളെ കണ്ടെത്തിയത്. പുലിക്കുഞ്ഞുങ്ങള്‍ക്ക് പതിനഞ്ച് ദിവസം പ്രായമുണ്ട്. പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയ മാധവന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീടും പറമ്പും 15 വര്‍ഷത്തോളമായി ആള്‍ത്താമസമില്ലാത്തതാണ്.

നാട്ടുകാരന്‍ കൂടിയായ പൊന്നന്‍ ആണ് ഈ വീടും പറമ്പും പരിപാലിക്കുന്നത്. വീട് വൃത്തിയാക്കുന്നതിനും മറ്റുമായി ഇന്ന് സംഭവസ്ഥലത്തേക്ക് എത്തിയ പൊന്നന്‍ തെരുവുനായ്ക്കളെ ഓടിക്കാനായി വീടിന്റെ ജനലില്‍ തട്ടി ശബ്ദം പുറപ്പെടുപ്പിച്ചു. ഈ സമയത്താണ് വീടിന് പുറത്തേക്ക് അമ്മപ്പുലി പോകുന്നത് കണ്ടത്. പിന്നീട് ഇക്കാര്യം പൊന്നനാണ് നാട്ടുകാരെ അറിയിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് വനപാലകരേയും വിവരം അറിയിച്ചു തുടര്‍ന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

എന്നാല്‍ അമ്മ പുലിയെ കണ്ടെത്താനായില്ല. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഉമ്മിനി. ധോണി വനമേഖലയും ചിക്കുടി മലയും ഇതിനു സമീപത്താണ്. ഇതിനാല്‍ തന്നെ അമ്മപ്പുലി കുഞ്ഞുങ്ങളെ തേടി തിരികെ വരുമോ എന്ന ഭയത്തിലാണ് പ്രദേശവാസികള്‍. പുലിക്കുഞ്ഞുങ്ങളെ ആദ്യം ഡിഎഫ് ഒ ഓഫീസിലേക്കും പിന്നീട് പാലക്കാട് മൃഗാശുപത്രിയിലേക്കും മാറ്റി. നിലവിൽ പാലക്കാട് മൃഗാശുപത്രിയിലാണ് പുള്ളിപ്പുലിയുള്ളത്.

Next Story