ഉമ്മിനിയില്‍ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലത്ത് വീണ്ടും പുലി
15 Jan 2022 4:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട് ഉമ്മിനിയില്‍ വീണ്ടും പുലിയിറങ്ങി. പുലിക്കുട്ടികളെ കണ്ടെത്തിയ വീടിന് സമീപത്തുള്ള സൂര്യ നഗറിലാണ് നാട്ടുകാര്‍ പുലിയെ കണ്ടത്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. അതേസമയം ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് കണ്ടെത്തിയ രണ്ട് പുലിക്കുഞ്ഞുങ്ങളിലൊന്നിനെ അമ്മപ്പുലി കൊണ്ടു പോവാത്ത സാഹചര്യത്തില്‍ പുലിക്കുഞ്ഞിനെ വംവകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പ്രത്യേക പരിചരണത്തിനായി തൃശൂര്‍ അകമല ഫോറസ്റ്റ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. രണ്ടാഴ്ചയോളം പരിപാലിച്ച് വനത്തിലേക്ക് മാറ്റാന്‍ ശ്രമം നടക്കും. പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ആളൊഴിഞ്ഞ വീടും പരിസരവും വനംവകുപ്പിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കുന്നുണ്ട്.
പാലക്കാട് ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം 2 പുലിക്കുട്ടികളെ കണ്ടെത്തിയത്. പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയ മാധവന് എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീടും പറമ്പും 15 വര്‍ഷത്തോളമായി ആള്‍ത്താമസമില്ലാത്തതാണ്. നാട്ടുകാരന് കൂടിയായ പൊന്നന് ആണ് ഈ വീടും പറമ്പും പരിപാലിക്കുന്നത്. വീട് വൃത്തിയാക്കുന്നതിനും മറ്റുമായി ഇന്ന് സംഭവസ്ഥലത്തേക്ക് എത്തിയ പൊന്നന് തെരുവുനായ്ക്കളെ ഓടിക്കാനായി വീടിന്റെ ജനലില്‍ തട്ടി ശബ്ദം പുറപ്പെടുപ്പിച്ചു. ഈ സമയത്താണ് വീടിന് പുറത്തേക്ക് അമ്മപ്പുലി പോകുന്നത് കണ്ടത്. പിന്നീട് ഇക്കാര്യം പൊന്നനാണ് നാട്ടുകാരെ അറിയിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് വനപാലകരേയും വിവരം അറിയിച്ചു തുടര്‍ന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്. എന്നാല്‍ അമ്മ പുലിയെ കണ്ടെത്താനായിരുന്നില്ല.
പുലിക്കുഞ്ഞുങ്ങളെ വെച്ച് പുലിയെ കൂട്ടിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. പുലിക്കുഞ്ഞുങ്ങളെ കൂട്ടില്‍ വെച്ച് അമ്മപ്പുലിയെ കൂട്ടിലേക്ക് ആകര്‍ഷിച്ച് പിടികൂടി കുഞ്ഞുങ്ങളെയും പുലിയെയും കാട്ടിലേക്ക് തുറന്നു വിടുക, അല്ലെങ്കില്‍ പുലിക്കുഞ്ഞുങ്ങളെ അമ്മപ്പുലി കൊണ്ടു പോവാന്‍ അവസരമൊരുക്കുക എന്നീ പദ്ധതികളായിരുന്നു വനം വകുപ്പിനുണ്ടായിരുന്നത്. എന്നാലിത് രണ്ടും പാളി. അമ്മപ്പുലിയെ പിടികൂടാനായില്ല. കുഞ്ഞുങ്ങളെ കണ്ട പുലി കൂട്ടില്‍ കയറാതെ അവയിലൊന്നിനെ കൈ കൊണ്ട് നീക്കിയെടുത്ത് സ്ഥലം വിട്ടു. രണ്ടാമത്തെ കുഞ്ഞ് ബാക്കിയായി. ഇതിനെ കൊണ്ടു പോവാന്‍ പുലിയെത്തിയില്ല.