Top

'ആഭിചാരങ്ങളും മന്ത്രവാദവും തടയാന്‍ നിയമനിര്‍മ്മാണം'; പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

നിയമ നിര്‍മ്മാണം നടത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം

18 Oct 2022 1:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആഭിചാരങ്ങളും മന്ത്രവാദവും തടയാന്‍ നിയമനിര്‍മ്മാണം; പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
X

കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്ക് പിന്നാലെ ആഭിചാരങ്ങളും മന്ത്രവാദവും തടയാന്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുള്ള പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള യുക്തിവാദി സംഘമാണ് ഹര്‍ജി നല്‍കിയത്. നിയമ നിര്‍മ്മാണം നടത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ കേരളത്തില്‍ ഇതിനു മുന്‍പും നടന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം അനാചാരങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കൂടാതെ കേരളത്തില്‍ നടന്ന തിരോധനങ്ങള്‍ പ്രത്യേക സംഘത്തെ വെച്ച് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിണ്ട്. അനാചാരങ്ങള്‍ തടയാനായി ജസ്റ്റിസ് കെ ടി തോമസ് അദ്ധ്യക്ഷനായ നിയമ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിന്മേല്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. മഹാരാഷ്ട്ര, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

അതേസമയം നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി പണയം വെച്ച പത്മയുടെ സ്വര്‍ണ്ണം കണ്ടെടുത്തു. കൊച്ചി ഗാന്ധി നഗറിലെ സ്വകാര്യ ധനമിടപാടു സ്ഥാപനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. വീണ്ടെടുത്ത സ്വര്‍ണം പത്മത്തിന്റേതാണെന്ന് മകനും സഹോദരിയും സ്ഥിരീകരിച്ചു.സ്വര്‍ണം പണയം വെച്ച് 1,10,000 രൂപ വായ്പ എടുത്തുവെന്ന് ഷാഫി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെളിവെടുപ്പിലാണ് സ്വര്‍ണം കണ്ടെടുത്തത്. ഷാഫിയുടെ വീടിന്റെ അടുത്ത ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്. മുഖ്യ പ്രതി ഷാഫിയുടേയും ഭഗവല്‍ സിംഗിന്റേയും വൈദ്യ പരിശോധന കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി.

STORY HIGHLIGHTS: Legislation to prevent witchcraft and sorcery The High Court will hear the PIL today.

Next Story