ഷാരോൺ കൊലക്കേസ്; കേരളത്തിലും തമിഴ്നാട്ടിലും അന്വേഷിക്കാമെന്ന് നിയമോപദേശം
കേസ് കൈമാറുന്നതിൽ പ്രതിഭാഗത്തിന്റെ വാദവും നിർണായകമാണെന്നും നിയമോപദേശത്തിൽ പറയുന്നു
3 Nov 2022 10:10 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ കൊലക്കേസ് കേരളത്തിലും തമിഴ്നാട്ടിലും അന്വേഷിക്കാമെന്ന് നിയമോപദേശം. തമിഴ്നാടിന് അന്വേഷണം കൈമാറണമെന്ന് നിർബന്ധമില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പൊലീസും കോടതിയുമാണ്. കേസ് കൈമാറുന്നതിൽ പ്രതിഭാഗത്തിന്റെ വാദവും നിർണായകമാണെന്നും നിയമോപദേശത്തിൽ പറയുന്നു. കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ആണ് നിയമോപദേശം തേടിയത്.
ഗ്രീഷ്മയുടെ വീട്ടിൽ വെച്ച് കഷായം നൽകിയതെന്നതിനാലാണ് അവിടത്തെ പൊലീസിന് കേസ് കൈമാറണോ എന്ന കാര്യത്തിൽ നിയമോപദേശം തേടിയത്. കേസ് കൈമാറാനാണ് നിയമോപദേശം ലഭിക്കുന്നതെങ്കിൽ തമിഴ്നാട് പൊലീസിന്റെ അഭിപ്രായം കൂടി തേടിയ ശേഷം അന്വേഷണ വിവരങ്ങൾ കൈമാറാനായിരുന്നു തീരുമാനം.
പ്രതി ഗ്രീഷ്മയുടെ വീടിരിക്കുന്ന രാമവർമൻചിറ തമിഴ്നാട് പൊലീസിന്റെ പളുഗൽ സ്റ്റേഷൻ അതിർത്തിയിലാണ്. എന്നാൽ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷാരോണിനെ വീട്ടിലേക്ക് ഗ്രീഷ്മ വിളിച്ചുവരുത്തിയതും വിഷം നൽകിയതെന്നതിനാലും കേരള പൊലീസിന് കേസ് അന്വേഷിക്കാമെന്ന നിയമവശവുമുണ്ടെന്ന് വിദദ്ധർ പറയുന്നു. സിആർപിസി 179 പ്രകാരം ഇതിന് നിയമസാധുതയുണ്ടെന്നാണ് വിലയിരുത്തൽ.
കേസ് മറ്റൊരു സംസ്ഥാനത്തേക്ക് കൈമാറാനുള്ള തീരുമാനം എടുക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. കേസ് കൈമാറുന്നതില്‍ മുഖ്യമന്ത്രിയുമായി ഡിജിപി ചര്‍ച്ച നടത്തുമെന്നാണ് വിവരം. കേസിൽ പ്രധാന സാക്ഷിയും ഷാരോണിന്റെ സുഹൃത്തുമായ റിജിന്റെ മൊഴിയെടുക്കുന്നു. റൂറൽ എസ്പി ഓഫീസിൽ വച്ചാണ് മൊഴിയെടുപ്പ്. ഷാരോണിന്റെ അമ്മാവൻ സത്യശീലന്റയും സഹോദരൻ ഷിമോണിന്റയും മൊഴി എടുക്കുന്നുണ്ട്. ഷാരോൺ വധക്കേസിൽ നിർണായക മൊഴിയെടുപ്പാണ് ഇത്. ഗ്രീഷ്മയുടെ വീട്ടിലേക്ക് പോയ ദിവസം ഷാരോണിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്താണ് റിജിൻ.
STORY HIGHLIGHTS: Legal advice Says to investigate Sharon death in Kerala and Tamil Nadu
- TAGS:
- Sharon
- Tamil Nadu
- Police