Top

വൈദ്യുതി ബോര്‍ഡ് ചെയര്‍മാനെതിരെ വീണ്ടും ഇടത് സംഘടന; സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപണം

4 April 2022 2:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വൈദ്യുതി ബോര്‍ഡ് ചെയര്‍മാനെതിരെ വീണ്ടും ഇടത് സംഘടന; സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപണം
X

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ബി അശോകിനെതിരെ ഇടതു സംഘടന വീണ്ടും സമരത്തിലേക്ക്. സംഘടനാ നേതാവ് ജാസ്മിനെ അകാരണമായി സസ്‌പെന്‍ഡ് ചെയ്‌തെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ചെയര്‍മാന്‍ സംസാരിച്ചെന്നുമാണ് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ ആരോപണം. പ്രതിഷേധ സൂചകമായി നാളെ രാവിലെ 10 മണി മുതല്‍ ഒരു മണിവരെ വൈദ്യുതി ബോര്‍ഡിന് മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എംജി സുരേഷ് വ്യക്തമാക്കി. ഓഫീസേഴ്‌സ് അസോസിയേഷന്റെ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.

വൈദ്യുതി ബോര്‍ഡിന്റെ പ്രതികാര നടപടികള്‍ പിന്‍വലിക്കുക, ഏകപക്ഷീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക, സ്ത്രീത്വത്തെ അവഹേളിക്കുന്ന സമീപനങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യാഗ്രഹം.നേരത്തെ വൈദ്യുതി ബോര്‍ഡില്‍ കെഎസ്ഇബി ചെയര്‍മാന്‍ സംഘടനാ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നെന്നാരോപിച്ചാണ് ഇടത് സംഘടനകള്‍ രംഗത്ത് വന്നത്. സമരസമിതിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചെയര്‍മാന്‍ ബി അശോക് ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തുകയും ചെയ്തു. അഴിമതികള്‍ ആരോപിച്ച് കൊണ്ടുള്ള കുറിപ്പാണ് ഇദ്ദേഹം കെഎസ്ഇബിയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്റെ അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് സ്ഥലം പാട്ടത്തിന് നല്‍കി. ചട്ടവിരുദ്ധമായി നിലപാട് ഫയലില്‍ എഴുതിച്ചേര്‍ത്ത് ഒപ്പിടാന്‍ ചീഫ് എന്‍ജിനീയര്‍ക്കുമേല്‍ യൂണിയനുകള്‍ സമ്മര്‍ദ്ദം ചെലുത്തി. സമരം ചെയ്യുന്ന സംഘടനയുടെ നേതാവ് ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്ത ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്നും ചെയര്‍മാന്‍ ആരോപിച്ചു.

story highlight: left organization to start protest against kseb chairman again

Next Story