Top

'അഭിമുഖത്തില്‍ അവന്‍ രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞു'; മകന്റെ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി പ്രവേശനത്തേക്കുറിച്ച് ഇടത് സംഘടനാ നേതാവ്

തന്റെ ആശയങ്ങള്‍ ആരുടെ മുമ്പിലും പണയം വെച്ചിട്ടില്ല. താനും കുടുംബവും കമ്മ്യൂണിസ്റ്റുകാര്‍ തന്നെയെന്നും മണി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

16 Aug 2022 6:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഭിമുഖത്തില്‍ അവന്‍ രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞു; മകന്റെ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി പ്രവേശനത്തേക്കുറിച്ച് ഇടത് സംഘടനാ നേതാവ്
X

മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയില്‍ തന്റെ മകന്‍ ആദിത്യന്‍ ചേര്‍ന്നത് അവന്റെ മാത്രം മെറിറ്റാണെന്ന് ഇടത് സംഘടനാ നേതാവ് എം മണി. തന്റെ ആശയങ്ങള്‍ ആരുടെ മുമ്പിലും പണയം വെച്ചിട്ടില്ല. താനും കുടുംബവും കമ്മ്യൂണിസ്റ്റുകാര്‍ തന്നെയെന്നും മണി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

2002 മുതല്‍ 2007 ല്‍ പിഎസ്‌സി കിട്ടുന്നത് വരെ താന്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയായിരുന്നു. അന്നൊന്നും നിലപാടില്‍ വെള്ളം ചേര്‍ത്തിട്ടില്ല. അച്ഛന്റെ രാഷ്ട്രീയത്തിനൊ, നിലപാടുകള്‍ക്കൊ എതിരാകുകയൊ അച്ഛന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുകയൊ ചെയ്യുമെങ്കില്‍ ഞാനിവിടെ ചേരില്ലെന്നാണ് തന്റെ മകന്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ തന്നോട് പറഞ്ഞതെന്നും മണി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഫൈസല്‍ & ഷബാന ടീമിന്റെ സാമ്പത്തിക പിന്തുണയോടെ ബഹു. പെരിന്തല്‍മണ്ണ എംഎല്‍എ ശ്രീ നജീബ് കാന്തപുരം ആരംഭിച്ച സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ അപേക്ഷ നല്‍കിയപ്പൊ കണ്ണന്‍ പറഞ്ഞു. 'അച്ഛന്റെ രാഷ്ട്രീയത്തിനൊ, നിലപാടുകള്‍ക്കൊ എതിരാകുകയൊ അച്ഛന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുകയൊ ചെയ്യുമെങ്കില്‍ ഞാനിവിടെ ചേരില്ല.

'പിന്നീട് 3500 ഓളം അപേക്ഷകരില്‍ നിന്ന് 100 ലേക്ക് വിവിധ തലങ്ങളിലെ സ്‌ക്രീനിങ്ങിന് ശേഷം നടന്ന ഇന്റര്‍വ്യുവിന്‍ കണ്ണന്‍ അവന്റെ രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞു. കേരള വര്‍മയില്‍ യുയുസി ആയിരുന്നതും മറച്ചുവെച്ചില്ല. അഭിമുഖ പരീക്ഷ കഴിഞ്ഞ് അവന്‍ തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലായിരുന്നു. എന്തായാലും കിട്ടും. അവന്റെ സംശയത്തിന് അന്ന് തന്നെ മറുപടി പറഞ്ഞു. നിനക്ക് അഡ്മിഷന്‍ കിട്ടാന്‍ ഞാന്‍ ആരോടും ശുപാര്‍ശ ചെയ്യില്ല. അങ്ങനെ ജൂലായ് 31ന് കണ്ണന്‍ അവിടെ ചേര്‍ന്നു.

1998ല്‍ ബഹുമാനപ്പെട്ട കെ ടി മാനു മുസ്ലിയാരുടെ നേതൃത്വത്തിലുള്ള നജാത്ത് ഹൈസ്‌കൂളില്‍ മലയാളം അധ്യാപകനായി ഞാന്‍ ചേര്‍ന്നു. അന്ന് ഡിവൈഎഫ്ഐ കരുവാരക്കുണ്ട് പഞ്ചായത്ത് സെക്രട്ടറി. 2002ല്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി. പിന്നീട് 2007 പിഎസ്സി കിട്ടുന്നതു വരെ ആ സ്ഥാനത്ത് തുടര്‍ന്നു. അന്നൊന്നും നിലപാടില്‍ അല്‍പ്പം പോലും വെള്ളം ചേര്‍ത്തില്ല. ഒരിക്കല്‍ മാനു മുസ്ലിയാരോട് ആരോ പറഞ്ഞു... 'മണിയെ പോലെ ഒരാളെ നമ്മുടെ സ്ഥാപനത്തില്‍ നിര്‍ത്തുന്നത് ശരിയാണൊ?'

ലോകം കണ്ട അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു 'അവന്‍ ഏത് പാര്‍ട്ടി എന്നത് എന്റെ വിഷയമല്ല, അയാളെ ഏല്‍പ്പിച്ച മലയാളം മാഷിന്റെ പണി അയാള്‍ നന്നായി നിര്‍വ്വഹിക്കുന്നുണ്ടൊ എന്ന് മാത്രമേ ഞാന്‍ നോക്കുന്നുള്ളു'. 'അത് അയാള്‍ നന്നായി നിര്‍വഹിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് 'എന്നാണ്.

കണ്ണന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയില്‍ ചേര്‍ന്നത് അറിഞ്ഞ ചിലര്‍ വ്യക്തിപരമായി പ്രകടിപ്പിച്ച സംശയത്തിനുള്ള മറുപടി കൂടിയാണീ പോസ്റ്റ്. ഞാനും കണ്ണനും (ആദിത്യന്‍ മരേങ്കലത്ത്) മെയ്ദിനിയും അമ്മുവും കമ്യൂണിസ്റ്റുകാരാണ്..എന്നിട്ടും അത് മനസ്സിലാക്കി അവിടെ പ്രവേശനം നേടിയെങ്കില്‍ അത് അവന്റെ മാത്രം മെറിറ്റ് ആണ്. ഒരു ആശയവും ആര്‍ക്കു മുമ്പിലും പണയം വെച്ചിട്ടില്ല, വെക്കില്ല.

Story highlights: Left organization leader about his son's admission in Hyderali Shihab Thangal Academy

Next Story