ഗവർണർക്കെതിരെ രാജ്ഭവന് മുമ്പിൽ ഇടതുമുന്നണി ധർണ; മുഖ്യമന്ത്രി പങ്കെടുക്കും
ജില്ലാ തലങ്ങളിലും ധർണ്ണ സംഘടിപ്പിക്കാനാണ് തീരുമാനമുണ്ട്
23 Oct 2022 8:21 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഗവർണർക്കെതിരെ പോരാടാനുറച്ച് ഇടതുമുന്നണി. നവംബർ 15ന് രാജ്ഭവന് മുമ്പിൽ ധർണ്ണ നടത്തും. ധർണയിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ഗവർണറുമായി വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് നേതൃത്വം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ പങ്കെടുത്ത ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം.
ജില്ലാ തലങ്ങളിലും ധർണ്ണ സംഘടിപ്പിക്കാനാണ് തീരുമാനമുണ്ട്. ബിജെപിയുടെ അജണ്ട നടപ്പിലാക്കാൻ ഗവർണർ ശ്രമിക്കുന്നുണ്ടെന്ന വിമർശനം ശക്തമാക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. താൻ ആർഎസ്എസ് അനുഭാവിയാണെന്ന് ഗവർണർ സ്വയം പ്രഖ്യാപിക്കുകയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ചാൻസലർ പദവി ദുരുപയോഗം ചെയ്യുകയാണ്. ഗവർണറുടെ വഴിവിട്ട നീക്കം സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.
ഗവർണറുടെ തുടർച്ചയായ വ്യാജ പ്രചരണങ്ങളോട് ആ സമയത്ത് തന്നെ പ്രതികരിക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ആരോപണം ഉന്നയിച്ച ആൾക്കെതിരെ കേസ് കൊടുക്കുന്ന കാര്യം പരിശോധിക്കുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഇടതുപക്ഷത്തിന്റെ രാജ്ഭവൻ ധർണ ചരിത്രസംഭവമാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഗവർണർ അക്കാഡമിക് പണ്ഡിതരെ ആക്ഷേപിക്കുകയാണെന്നും എൽഡിഎഫ് യോഗം വിലയിരുത്തി.
ഗവർണർക്ക് എതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ യോജിച്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും അത് എങ്ങനെ വേണമെന്ന് തീരുമാനിക്കാനുമാണ് ഇന്ന് യോഗം വിളിച്ചത്. സർക്കാരിനെതിരെയുളള ഗവർണറുടെ നീക്കങ്ങൾക്ക് തടയിടാനായി പരസ്യ പ്രചരണത്തിന് സിപിഐഎം നേരത്തെ തീരുമാനിച്ചിരുന്നു.
STORY HIGHLIGHTS: Left Front dharna in front of Raj Bhavan against Governor