Top

'ലീഗിന് മുഖ്യമന്ത്രിയെ ഒട്ടും വിശ്വാസമില്ല'; വഖഫ് വിഷയത്തില്‍ രണ്ടാംഘട്ട സമരത്തിന് ലീഗ്

ജനുവരി 27ന് എല്ലാ ജില്ലാ കളക്ടറേറ്റിലേക്കും ഫെബ്രുവരിയില്‍ നിയമസഭയിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുമെന്നും പിഎംഎ സലാം യോഗത്തില്‍ വ്യക്തമാക്കി.

3 Jan 2022 10:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലീഗിന് മുഖ്യമന്ത്രിയെ ഒട്ടും വിശ്വാസമില്ല; വഖഫ് വിഷയത്തില്‍   രണ്ടാംഘട്ട സമരത്തിന് ലീഗ്
X

വഖഫ് വിഷയത്തിലെ രണ്ടാം ഘട്ട പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങി മുസ്ലിംലീഗ്. വഖഫ് വിഷയത്തില്‍ ലീഗിന് മുഖ്യമന്ത്രിയെ ഒട്ടും വിശ്വാസമില്ല. വഖഫ് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സമസ്തക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ജനുവരി 27ന് എല്ലാ ജില്ലാ കളക്ടറേറ്റിലേക്കും ഫെബ്രുവരിയില്‍ നിയമസഭയിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുമെന്നും പിഎംഎ സലാം യോഗത്തില്‍ വ്യക്തമാക്കി. രണ്ടാംഘട്ട സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാനായി ഇന്ന് മലപ്പുറത്ത് ചേര്‍ന്ന ഉന്നതാധികാര സമിതിയുടെ യോഗത്തിലാണ് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചത്.

കോഴിക്കോട് നടത്തിയ റാലി വന്‍ വിജയമായിരുന്നുവെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ശക്തമായ തുടര്‍ സമരങ്ങള്‍ സര്‍ക്കാരിനെതിരെ വേണമെന്ന നിലപാടാണ് പാര്‍ട്ടിക്ക്. പഞ്ചായത്ത്, മണ്ഡലം തലങ്ങളില്‍ രാപ്പകല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. കളക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നത് ലീഗ് മാത്രമായിരിക്കുമെന്നും പിഎംഎ സലാം വ്യക്തമാക്കി.

മുഖ്യമന്ത്രി സമസ്ത നേതാക്കളുമായി നടത്തിയ ചര്‍ച്ച വലിയ പ്രഹസനമായിരുന്നു. സമസ്തയെ കബളിപ്പിക്കാനാണ് ചര്‍ച്ചക്ക് വിളിപ്പിച്ചത് തന്നെ. അത്‌കൊണ്ടു തന്നെ ലീഗിന് മുഖ്യമന്ത്രിയെ ഒട്ടും വിശ്വാസമില്ല എന്നും പിഎംഎ സലാം വ്യക്തമാക്കി. വഖഫ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ട് ഒരു മാസം കഴിഞ്ഞുവെന്നും ഇതുവരെ ഉറപ്പ് പാലിക്കപ്പെട്ടില്ല. വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്താമെന്നാണ് പറഞ്ഞത്, എന്നാല്‍ അതുണ്ടായില്ലെന്നും സലാം ചൂണ്ടിക്കാട്ടി.

സമസ്തയുമായി ലീഗിന് ഒരു അകല്‍ച്ചയുമുണ്ടായിട്ടില്ല. സമസ്തക്കും ലീഗിനുമിടയില്‍ അനാവശ്യ വിടവ് ഉണ്ടാക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സമസ്തയും ലീഗും തമ്മിലടിക്കുന്ന സാഹചര്യമില്ല. ഭരിക്കുന്ന സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തികളോട് സഹകരിക്കുമെന്നാണ് ജിഫ്രി തങ്ങള്‍ പറഞ്ഞതെന്നും പിഎംഎ സലാം പറഞ്ഞു. നിയമസഭയില്‍ ലീഗ് വഖഫ് നിയമനത്തെ അനുകൂലിച്ചിട്ടില്ല. ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ ഉറക്കം കെടുത്തിക്കൊണ്ടേ ഇരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Next Story