Top

'ദൃശ്യമാധ്യമ രംഗത്ത് അത്ഭുതങ്ങള്‍ സ‍‍ൃഷ്ടിച്ച വ്യക്തിത്വം'; എ സഹദേവന് ആദരാജ്ഞലി അർപ്പിച്ച് പ്രമുഖ മാധ്യമപ്രവർത്തകർ

മുഖം നോക്കാതെ വിമര്‍ശിക്കുന്ന ഒരു ചലച്ചിത്ര വിമര്‍ശകന്‍ കൂടിയായിരുന്നുവെന്നും' അദ്ദേഹത്തിന്റെ സുഹൃത്തുകൂടിയായ പികെ ശ്രീനിവാസന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

27 March 2022 9:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദൃശ്യമാധ്യമ രംഗത്ത് അത്ഭുതങ്ങള്‍ സ‍‍ൃഷ്ടിച്ച വ്യക്തിത്വം; എ സഹദേവന് ആദരാജ്ഞലി അർപ്പിച്ച് പ്രമുഖ മാധ്യമപ്രവർത്തകർ
X

ലോക സിനിമയെ 24 ഫ്രെയിംസ് എന്ന പരിപാടിയിലൂടെ മലയാളിക്ക് പരിചയപ്പെടുത്തികൊടുത്ത മികച്ച സിനിമാ നിരൂപകനായിരുന്നു അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ ആന്തൂര്‍ സഹദേവൻ. അച്ചടി-ദൃശ്യ മാധ്യമങ്ങളിൽ 33 വർഷം പ്രവർത്തിച്ച പരിചയമുണ്ട് ആണ്ടൂർ സഹദേവന്.

1982ൽ മാതൃഭൂമിയിലൂടെയാണ് എ സഹദേവന്‍ മാധ്യമ പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്നത്. ദൃശ്യമാധ്യമ രംഗത്ത് വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ എ സഹദേവന് സാധിച്ചിരുന്നു. ഇന്ത്യാവിഷൻ ചാനലിന്റെ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്തിരുന്നു. ലോകത്തിലെ മുഴുവന്‍ ക്ലാസിക്കുകളേയും ജനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ഇന്ത്യാ വിഷനില്‍ അദ്ദേഹം അവതരിപ്പിച്ച 24 ഫ്രെയിംസ് എന്ന പരിപാടിയിലൂടെ ശ്രമിച്ചു.

മാതൃഭൂമിയുടെ സിനിമ പ്രസിദ്ധീകരണമായ ചിത്രഭൂമിയുടെ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മാതൃഭൂമിയിലെ ജോലി രാജിവെച്ച അദ്ദേഹം ഇന്ത്യാ വിഷന്‍ ചാനലിലേക്ക് കടന്നുവരികയായിരുന്നു.

സൗഹൃദങ്ങളിലെ ഏറ്റവും വലിയ നഷ്ടമായാണ് എ സഹദേവന്റെ മരണത്തെ കാണുന്നതെന്ന് ഇന്ത്യാ ടുഡേയുടെ മുന്‍ എഡിറ്റര്‍ പികെ ശ്രീനിവാസന്‍ പറഞ്ഞു. 'പണം വാങ്ങി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് എ സഹദേവന്‍ തടഞ്ഞിരുന്നു. സിനിമകളെ നിശിതമായി വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. മുഖം നോക്കാതെ വിമര്‍ശിക്കുന്ന ഒരു ചലച്ചിത്ര വിമര്‍ശകന്‍ കൂടിയായിരുന്നുവെന്നും' അദ്ദേഹത്തിന്റെ സുഹൃത്തുകൂടിയായ പികെ ശ്രീനിവാസന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

'24 ഫ്രെയിംസ് ആന്തൂര്‍ സഹദേവന്റെ മാത്രം ആസൂത്രണത്തില്‍ പിറന്ന പരിപാടിയായിരുന്നു. മലയാള സിനിമക്ക് പുറമെ മറ്റ് ക്ലാസിക്കുകളെ കുറിച്ചും മലയാളികള്‍ അറിയണമെന്ന് പറഞ്ഞായിരുന്നു 24 ഫ്രെയിംസിന്റെ ഉത്ഭവം. കലാമൂല്യമുളള വിദേശ സിനിമകളുടെ നിരൂപണം ചെയ്യുന്ന പരിപാടികൂടിയായിരുന്നു 24 ഫ്രെയിംസ്. അവതാരകനെന്ന നിലയില്‍ എ സഹദേവനെ മികച്ചതാക്കിയതും 24 ഫ്രെയിംസ് എന്ന പരിപാടിയാണെന്ന്' ഇന്തോ ഏഷ്യൻ ന്യൂസ് ചാനൽ എംഡിയും റിപ്പോർട്ടർ ടിവിയുടെ എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ പറഞ്ഞു.

ഒരിക്കലും വിശ്രമിക്കാത്ത മാധ്യമ പ്രവര്‍ത്തകനായിരുന്നു എ സഹദേവനെന്ന് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പറഞ്ഞു.' എന്ത് സംശയത്തിനും അദ്ദേഹവുമായി ബന്ധപ്പെടാന്‍ പറ്റുമായിരുന്നു. സിനിമയെക്കുറിച്ചുളള ഏറ്റവും വലിയ ലൈബ്രറിയായിരുന്നു എ സഹദേവനെന്നും 'പ്രമേദ് രാമന്‍ പറഞ്ഞു. ഇന്ത്യാ വിഷൻ ചാനലിൽ എ സഹദേവന്റെ സഹപ്രവർത്തകൻ കൂടിയായിരുന്നു പ്രമോദ് രാമൻ.

ജ്യേഷ്ഠ തുല്ല്യമായ സ്‌നേഹമാണ് എ സഹദേവന്റെ നിര്യാണത്തോടെ നഷ്ടമായതെന്ന് ഇന്ത്യാ വിഷന്റെ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എംപി ബഷീര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഷ ചിട്ടപ്പെടുത്തുന്നതില്‍ എ സഹദേവന് പങ്കുണ്ട്. ന്യൂസ് റൂമില്‍ വെച്ച് മരിക്കണമെന്ന ആഗ്രഹം എപ്പോഴും പ്രകടിപ്പിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നുവെന്ന് എംപി ബഷീര്‍ പറഞ്ഞു.

2016ൽ ഇന്ത്യയുടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ അന്താരാഷ്ട്ര ഡോക്യുമെന്ററി വിഭാഗത്തിൽ ജൂറിയായും ആന്തൂർ സഹദേവൻ പ്രവർത്തിച്ചിരുന്നു. സൗത്ത് ലൈവ് ന്യൂസ് പോർട്ടലിൽ കൺസൾട്ടിംഗ് എഡിറ്ററായിരുന്നു. സഫാരി ടിവിയിൽ രണ്ടാം ലോക മഹായുദ്ധം എന്ന പരിപാടിയുടെ അവതാരകനുമായിരുന്നു ആന്തൂർ സഹദേവൻ. മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനിൽ ഗസ്റ്റ് ലക്ച്ചറായും ജോലി ചെയ്തുവരികയായിരുന്നു. പ്രസ് അക്കാദമി ഫാക്കൽറ്റി കൂടിയായിരുന്നു അദ്ദേഹം.
വിവിധ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മികച്ച കോംപയററിന് നൽകുന്ന 2010-ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യാ വിഷനിൽ പ്രവർത്തിച്ച സമയത്താണ് സംസ്ഥാന സർക്കാർ നൽകുന്ന മികച്ച കോംപയറര്‍ അവാര്‍ഡ് ലഭിച്ചത്. ടെലിവിഷൻ ചേംമ്പറിന്റെ മികച്ച സിനിമാധിഷ്ഠിത പരിപാടിക്കുള്ള അവാർഡും 24 ഫ്രെയിംസ് എന്ന പരിപാടിയുടെ അവതരണത്തിന് ലഭിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങളെപ്പറ്റി ഇദ്ദേഹം അവതരിപ്പിക്കുന്ന പരിപാടിയായ 24 ഫ്രെയിംസിന് 2012-ലെ മികച്ച ഇൻഫോടെയിൻമെന്റ് പരിപാടിക്കുള്ള ഏഷ്യാവിഷൻ പുരസ്കാരവും ലഭിച്ചിരുന്നു.

STORY HIGHLIGHTS: Leading Journalists homage to A Sahadevan

Next Story