നേതാക്കളുടെ രാജി ഭീഷണി; തിരുവള്ളൂര്‍ മുരളിക്ക് നല്കിയ അംഗത്വം റദ്ദാക്കി കോണ്‍ഗ്രസ്
കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് എന്‍ഡിഎയില്‍ എത്തിയ മുരളിക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു പ്രാദേശികതലത്തില്‍ ഉയര്‍ന്നത്.
20 April 2022 9:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: പോക്സോ കേസ് പ്രതിയും എന്‍ഡിഎ സഖ്യകക്ഷിയായ കേരള കാമരാജ് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനുമായ തിരുവള്ളൂര്‍ മുരളിക്ക് നല്കിയ അംഗത്വം കോണ്‍ഗ്രസ് റദ്ദാക്കി. പ്രാദേശിക നേതാക്കളുടെ രാജി ഭീഷണിക്ക് പിന്നാലെയാണ് മുരളിയുടെ അംഗത്വം റദ്ദാക്കിയതായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
ഏപ്രില്‍ 10ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കണ്ണൂരിലെ വീട്ടില്‍വച്ച് നല്കിയ അംഗത്വമാണ് നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കിയത്. അംഗത്വവും അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള ചീഫ് എന്റോളര്‍ തസ്തികയും മുരളിക്ക് നല്‍കിയിരുന്നു.
മുരളിക്ക് നല്കിയ അംഗത്വം റദ്ദ് ചെയ്തില്ലെങ്കില്‍ അംഗത്വ ക്യാമ്പയിന് ബഹിഷ്കരിക്കുമെന്നും നേതാക്കള്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുരളി ഇപ്പോഴും കാമരാജ് കോണ്‍ഗ്രസിന്റെ നേതാവാണെന്നും അങ്ങനെ ഒരാളെ കോണ്‍ഗ്രസില്‍ അംഗമാക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് വടകരയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് എന്‍ഡിഎയില്‍ എത്തിയ മുരളിക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു പ്രാദേശികതലത്തില്‍ ഉയര്‍ന്നിരുന്നത്.
കോണ്‍ഗ്രസിന്റെ ഡിസിസി ജനറല്‍ സെക്രട്ടറിയും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു മുരളി. യുഡിഎഫ് ഭരണകാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ പരസ്യമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസില്‍നിന്ന് മുരളിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് കാമരാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നതും സംസ്ഥാന ഭാരവാഹിയായതും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഇദ്ദേഹം സജീവമായിരുന്നു.
2009ല്‍ മുല്ലപ്പള്ളി രാമചന്ദ്രന് ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് ഫണ്ടായ 25 ലക്ഷം രൂപ വെട്ടിച്ചെന്ന പരാതിയിലും ആരോപണവിധേയനാണ് മുരളി.