Top

'വിലക്കേണ്ടതില്ല, ഏത് യോഗത്തിനും പോകാം'; മേയര്‍ ആര്‍എസ്എസ് വേദിയിലെത്തിയതില്‍ സിപി ജോണ്‍

'സ്വന്തം ആശയത്തിന് ഉറപ്പുണ്ടെങ്കില്‍ ഏതു യോഗത്തിനും പോകാം, പരിപാടിയില്‍ എന്താണ് പറയുന്നത് എന്നതില്‍ മാത്രമേ കാര്യമുള്ളൂ'

11 Aug 2022 2:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിലക്കേണ്ടതില്ല, ഏത് യോഗത്തിനും പോകാം; മേയര്‍ ആര്‍എസ്എസ് വേദിയിലെത്തിയതില്‍ സിപി ജോണ്‍
X

കോഴിക്കോട്: മേയര്‍, എംഎല്‍എ, എംപി, മന്ത്രി എന്നിവരെയൊന്നും പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കേണ്ട കാര്യമില്ലെന്ന് സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ജോണ്‍. ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്റൈ നടപടി വിവാദമായ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വന്തം ആശയത്തിന് ഉറപ്പുണ്ടെങ്കില്‍ ഏത് യോഗത്തിനും പോകാം. ഇതിന്റെ പേരില്‍ മേയര്‍, എംഎല്‍എ, എംപി, മന്ത്രി എന്നിവരെയൊന്നും വിലക്കേണ്ട ആവശ്യമില്ലെന്നായിരുന്നു സി പി ജോണിന്റെ പ്രതികരിണം. ചാത്തുണ്ണി മാസ്റ്റര്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വന്തം ആശയത്തിന് ഉറപ്പുണ്ടെങ്കില്‍ ഏതു യോഗത്തിനും പോകാം. പരിപാടിയില്‍ എന്താണ് പറയുന്നത് എന്നതില്‍ മാത്രമേ കാര്യമുള്ളൂ. ചരിത്രം മറച്ചുവെക്കാന്‍ മേയറോട് കലഹിച്ചിട്ട് കാര്യമില്ല. ആര്‍എസ്എസിന് അധികാരത്തില്‍ വരാന്‍ അവസരം ഉണ്ടാക്കിയതില്‍ സിപിഐഎമ്മിന് മറ്റാരേക്കാളും പ്രധാന പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മേയര്‍ പോയതിനെ വലിയ സംഭവമായാണ് നേതാക്കന്മാര്‍ പറയുന്നത്. വി പി സിങ്ങിന്റെ ഭരണകാലത്ത് സിപിഐഎം നേതാക്കള്‍ എല്‍ കെ അദ്വാനിയുടെ വീട്ടില്‍ ഭക്ഷണം കഴിച്ചത് ഏത് കണക്കിലാണ് പെടുത്തുകയെന്നും സി പി ജോണ്‍ ചോദിച്ചു. ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതിയായി ഒറ്റക്കെട്ടായി തെരഞ്ഞെടുക്കണമായിരുന്നു. മുന്‍ ബിജെപിക്കാരനെ മത്സരിപ്പിക്കേണ്ടിയിരുന്നില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് പാളിച്ച പറ്റിയെന്നും സി പി ജോണ്‍ ആരോപിച്ചു.

Story Highlights: Leaders Can Go In Any Meetings No Needs To Ban Says CP John

Next Story