Top

'നാട്ടിലെ നിയമങ്ങള്‍ അനുസരിക്കണം'; ഗവര്‍ണറോട് പ്രതിപക്ഷനേതാവ്

ഗവര്‍ണറുടെ തീരുമാനത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ്

30 Dec 2021 9:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാട്ടിലെ നിയമങ്ങള്‍ അനുസരിക്കണം; ഗവര്‍ണറോട് പ്രതിപക്ഷനേതാവ്
X

സര്‍വകലാശാല ചാന്‍സലര്‍ പദവി വഹിക്കില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചാന്‍സലറായി തുടരില്ലന്ന തീരുമാനം നിയമവിരുദ്ധമാണെന്നും ഗവര്‍ണര്‍ നിയമത്തിന് അതീതനായ ആളല്ലെന്നും സതീശന്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ നാട്ടിലുള്ള നിയമങ്ങള്‍ അനുസരിക്കണം. സര്‍ക്കാര്‍ നിയമലംഘനം നടത്തി, അതുപോലെ ഗവര്‍ണറും ഇപ്പോള്‍ നിയമവിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. ഗവര്‍ണറുടെ തീരുമാനത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി ഈ മാസം എട്ടിന് താന്‍ ഒഴിഞ്ഞതാണെന്ന് ഇന്നലെയാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. ആ സ്ഥാനം ഇനി ഏറ്റെടുക്കില്ലെന്നും കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍, ഹൈക്കോടതിയുടെ നോട്ടീസ് സര്‍ക്കാരിന് കൈമാറുമെന്നും ഗവര്‍ണര്‍ അറിയിച്ചു. തുടര്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു. ചാന്‍സലര്‍ താനല്ല എന്ന നിലപടിലുറച്ച് ഹൈക്കോടതി നോട്ടീസ് പോലും ഗവര്‍ണര്‍ മടക്കുമ്പോള്‍, സര്‍ക്കാരിന്റെ അടുത്ത നീക്കമാകും നിര്‍ണായകമാവുക.

Next Story