Top

സില്‍വര്‍ലൈന്‍ വിരുദ്ധസമരം രാഷ്ട്രീയമായി നേരിടാന്‍ എല്‍ഡിഎഫ്; ചങ്ങനാശ്ശേരിയില്‍ വിശദീകരണ യോഗം

വൈകീട്ട് അഞ്ചുമണിക്ക് ചങ്ങനാശ്ശേരി ചെങ്ങണയിലാണ് യോഗം

21 March 2022 8:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സില്‍വര്‍ലൈന്‍ വിരുദ്ധസമരം രാഷ്ട്രീയമായി നേരിടാന്‍ എല്‍ഡിഎഫ്; ചങ്ങനാശ്ശേരിയില്‍ വിശദീകരണ യോഗം
X

കോട്ടയം: കെ റെയില്‍ വിരുദ്ധ സമരം രൂക്ഷമായ കോട്ടയം മാടപ്പള്ളിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്താന്‍ എല്‍ഡിഎഫ് തീരുമാനം. വൈകീട്ട് അഞ്ചുമണിക്ക് ചങ്ങനാശ്ശേരി ചെങ്ങണയിലാണ് യോഗം. കെ റെയിലിന് വേണ്ടി വാദിക്കുന്ന മുന്നണിയുടെ ശക്തിപ്രകടനമാക്കി പരിപാടിയെ മാറ്റാനാണ് എല്‍ഡിഎഫ് തീരുമാനം. മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍, മന്ത്രി വിഎന്‍ വാസവന്‍, കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ റെയില്‍ വിരുദ്ധ സമരം ശക്തിമായി തുടരുകയാണ്. അതിരടയാണ കല്ലിടുന്നത് ഇന്നും തുടരുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം കല്ലുമായി എത്തിയ വാഹനത്തിന് മുകളില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമരക്കാരും കോട്ടയത്ത് പ്രതിഷേധിച്ചിരുന്നു. പൊലീസ് പിന്‍വാങ്ങുന്നത് വരെ സമരമെന്ന് നേതാക്കള്‍ അറിയിച്ചെങ്കിലും പൊലീസ് സംയമനം പാലിച്ചതോടെ വലിയ സംഘര്‍ഷത്തിലേ്ക്ക് നീങ്ങിയില്ല. കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയില്‍ കെ റെയിലിനെതിരെ പ്രതിഷേധമുണ്ടായിരുന്നു.

നാലിരട്ടി നഷ്ടപരിഹാരമെന്നത് വെറും വാക്കല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം നല്‍കുമെന്നത് വെറും വാക്കല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സര്‍ക്കാര്‍ മനസിലാക്കുന്നുണ്ട്. ആരെയും വിഷമിപ്പിക്കാനല്ല സര്‍ക്കാര്‍ തീരുമാനം. ഭൂമി നഷ്ടപ്പെടുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കും. ഇന്നുള്ളവരുടെ നാളെയല്ല, നമ്മുടെ കുഞ്ഞുങ്ങളുടെ നാളേയ്ക്ക് വേണ്ടിയാണ് പദ്ധതി'യെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'നാട്ടില്‍ ഒരു വികസനപ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന ദുശാഠ്യമാണ് പ്രതിപക്ഷത്തിന്. യുഡിഎഫ് വിചാരിച്ചാല്‍ കുറച്ച് ആളുകളെ ഇറക്കാന്‍ സാധിക്കും. പദ്ധതി ഇപ്പോള്‍ പറ്റില്ലെന്നാണ് പറയുന്നത്, പിന്നെ എപ്പോഴാണ് നടക്കുക'യെന്നും മുഖ്യമന്ത്രി ചോദിച്ചു. 'യുഡിഎഫ് വിചാരിച്ചാല്‍ കുറച്ച് ആളുകളെ മാത്രമാകും ഇറക്കാനാകുക. ആര് പറയുന്നതാണ് ജനം കേള്‍ക്കുകയെന്ന് നമുക്ക് കാണാം. സര്‍ക്കാര്‍ പൂര്‍ണ തോതില്‍ നാട്ടില്‍ ഇറങ്ങി ജനങ്ങളോട് പദ്ധതി വിശദീകരിക്കും. തെറ്റായ എതിര്‍പ്പുകള്‍ക്ക് വഴങ്ങണോയെന്ന് ചോദിച്ചാല്‍ വേണ്ടെന്ന് ജനം പറയും. സ്വകാര്യമായി ചോദിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കളും പദ്ധതി വേണമെന്ന് പറയു'മെന്നും മുഖ്യമന്ത്രി പറഞ്ഞു.

STORY HIGHLIGHTS: LDF to fight anti-Silver Line politically; Explanatory meeting in Chenganassery

Next Story

Popular Stories