ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫിന്റെ പ്രതിഷേധ മാര്‍ച്ച് ഇന്ന്; രാജ്ഭവന് ചുറ്റും ഒരു ലക്ഷം പേര് അണിനിരക്കും
ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ കേന്ദ്ര നീക്കം ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സമരം
15 Nov 2022 1:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ മാര്‍ച്ച് ഇന്ന്. രാജ്ഭവന് ചുറ്റും ഒരു ലക്ഷം പേരെ അണിനിരത്തുമെന്ന് പ്രഖ്യാപിച്ച സമരം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഓരോ ജില്ലകളിലും പ്രതിഷേധ പരിപാടികള്‍ നടക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ കേന്ദ്ര നീക്കം ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സമരം. രാവിലെ മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് പ്രകടനം ആരംഭിക്കും. രാജ്ഭവന് മുന്നില്‍ ലക്ഷം പേരും ജില്ലാ ആസ്ഥാനങ്ങളിലെ കൂട്ടായ്മകളില്‍ പതിനായിരങ്ങളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സമിതി അറിയിച്ചു.
പ്രതിഷേധം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി മാറ്റുന്നതിനായി ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയെയും പങ്കെടുപ്പിക്കുന്നുണ്ട്. അതേസമയം പ്രതിഷേധത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. സമരത്തിന്റെ ഭാഗമായി 600 പൊലീസുകാരെ വിന്യസിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. രാവിലെ മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണവുമുണ്ട്.
പ്രതിഷേധം നടത്താനിരിക്കെ ഗവര്‍ണര്‍ ഉത്തരേന്ത്യന്‍ പര്യടനത്തിലാണ്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പാറ്റ്നയില്‍ പോയ ഗവര്‍ണര്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഡല്‍ഹിയില്‍ എത്തും. രാജ്ഭവനിലേക്ക് എല്‍ഡിഎഫ് നടത്തുന്ന മാര്‍ച്ച് തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നല്കിയ പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Story Highlights: LDF Raj Bhavan March Against Governor Arif Mohammad Khan