Top

'ഗവര്‍ണര്‍ക്കെതിരെ ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രതിഷേധം': മുഖ്യമന്ത്രിയടക്കം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും

''ഗവര്‍ണര്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുകയാണ്. വിസിമാരെ ഗവര്‍ണര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു.''

29 Oct 2022 1:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണര്‍ക്കെതിരെ ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രതിഷേധം: മുഖ്യമന്ത്രിയടക്കം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും
X

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാനവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനം. നവംബര്‍ രണ്ടിന് തിരുവനന്തപുരം എകെജി ഹാളില്‍ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. നവംബര്‍ മൂന്നു മുതല്‍ 12 വരെ ക്യാമ്പസുകളില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. 15ന് രാജ്ഭവന്റെ മുന്നില്‍ ഒരുലക്ഷം പേര് പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മയും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധവും എല്‍ഡിഎഫ് സംഘടിപ്പിക്കും. മുഖ്യമന്ത്രിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രാജ്ഭവന് മുന്നിലെ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കുമെന്ന് എല്‍ഡിഎഫ് അറിയിച്ചു.

ഗവര്‍ണര്‍ സംസ്ഥാനത്ത് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണെന്നും ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ദുരുപയോഗം ചെയ്യുകയാണെന്നും എല്‍ഡിഎഫ് ആരോപിച്ചു. ഗവര്‍ണര്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുകയാണ്. വിസിമാരെ ഗവര്‍ണര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു. സെനറ്റുകളില്‍ ആര്‍എസ്എസുകാരെ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങളെ ശക്തമായി തന്നെ ചെറുക്കുമെന്ന് എല്‍ഡിഎഫ് അറിയിച്ചു.

എല്‍ഡിഎഫ് പ്രസ്താവന: ഗവര്‍ണര്‍ സംസ്ഥാനത്ത് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണ്. ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ദുരുപയോഗം ചെയ്യുകയാണ്. ഗവര്‍ണറുടെ ഇത്തരം വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്. നവംബര്‍ രണ്ടിന് തിരുവനന്തപുരം എകെജി ഹാളില്‍ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. നവംബര്‍ മൂന്നു മുതല്‍ 12 വരെ ക്യാമ്പസുകളില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. നവംബര്‍ 15ന് രാജ്ഭവന്റെ മുന്നില്‍ ചുരുങ്ങിയത് ഒരുലക്ഷം പേര് പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മയും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധവും എല്‍ഡിഎഫ് സംഘടിപ്പിക്കും. മുഖ്യമന്ത്രിയടക്കമുള്ള മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കള്‍ രാജ്ഭവന് മുന്നിലെ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കും.

ഗവര്‍ണര്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുകയാണ്. വിസിമാരെ ഗവര്‍ണര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു. സെനറ്റുകളില്‍ ആര്‍എസ്എസുകാരെ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങളെ എല്‍ഡിഎഫ് ശക്തമായി തന്നെ ചെറുക്കും.സര്‍വകലാശാല രംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ വിപ്ലവാത്മകരമായ പദ്ധതികളാണ് നടപ്പിലാക്കിയതും നടപ്പിലാക്കുന്നതും. കേരള യൂണിവേഴ്സിറ്റി നാകിന്റെ എ ++ ഗ്രേഡും മഹാത്മാഗാന്ധി, കോഴിക്കോട് സര്‍വകലാശാലകള്‍ എ ഗ്രേഡോഡെയും ദേശീയതലത്തില്‍ ശ്രദ്ധനേടിക്കഴിഞ്ഞു.

നേരത്തെ കാലടി സര്‍വകലാശാലയും ഈ നേട്ടം കൈവരിച്ചിരുന്നു. ജനാധിപത്യ രീതിയിലൂടെ അധികാരത്തില്‍ വരാന്‍ കഴിയില്ല എന്ന് മനസിലാക്കിയ സംഘപരിവാര്‍ ശക്തികള്‍ ചാന്‍സലര്‍ പദവിയിലൂടെ വഴിവിട്ട നീക്കങ്ങള്‍ നടത്തുകയാണ്. ആര്‍എസ്എസ് അനുഭാവിയെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഗവര്‍ണര്‍ മുന്നോട്ടുപോകുന്നത്. സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടേത് സ്വേച്ഛാധിപത്യ ഇടപെടലാണ്.? സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് ആര്‍എസ്എസുകാരെ തിരുകി കയറ്റാന്‍ വേണ്ടിയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് ഗവര്‍ണറുടെ ശ്രമം.

കേരളത്തില്‍ സംഘപരിവാര്‍ ഗവര്‍ണറെ ഉപയോഗിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും ഇല്ലാതാക്കാനുള്ള ശ്രമം തുടരുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഗവര്‍ണറുടെ അസാധാരണ നീക്കങ്ങള്‍ക്ക് പോലും പിന്തുണ പ്രഖ്യാപിക്കുകയാണ്. സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ക്കും അതിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ ജനാധിപത്യ വിശ്വാസികളുടെ ശക്തമായ ചെറുത്തുനില്‍പ്പ് ഉയരണം. അന്ധവിശ്വാസവും അനാചാരങ്ങളും മുഖമുദ്രയാക്കിയവര്‍ അമിതാധികാര പ്രയോഗത്തിലൂടെ നാടിന്റെ അഭിമാനമായ സര്‍വകലാശാലകളെയും തകര്‍ക്കാനാണ് നീക്കം. ഗവര്‍ണറുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കും.

Next Story