Top

'സംഘപരിവാര്‍ തിട്ടൂരങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല'; നാളെയും മറ്റന്നാളും സംസ്ഥാന വ്യാപക എല്‍ഡിഎഫ് പ്രതിഷേധം

''ഗവര്‍ണര്‍ ഇല്ലാത്ത അധികാരമുപയോഗിച്ച് സംഘപരിവാറിന്റെ തിട്ടൂരങ്ങള്‍ നടപ്പിലാക്കുന്നത് അനുവദിക്കാനാകില്ല.''

24 Oct 2022 11:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംഘപരിവാര്‍ തിട്ടൂരങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല; നാളെയും മറ്റന്നാളും സംസ്ഥാന വ്യാപക എല്‍ഡിഎഫ് പ്രതിഷേധം
X

തിരുവനന്തപുരം: ഒന്‍പത് വൈസ് ചാന്‍സിലര്‍മാരോട് രാജി സമര്‍പ്പിക്കാനാവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സംസ്ഥാനത്ത് നാളെയും മറ്റന്നാളും സംസ്ഥാന പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനാണ് എല്‍ഡിഎഫ് തീരുമാനം.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം വലിയ കുതിപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടമാണിതെന്ന് ഇപി ജയരാജന്‍ ചൂണ്ടിക്കാണിച്ചു. നാക് പരിശോധനയില്‍ കേരളത്തിന്റെ സര്‍വ്വകലാശാലകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മികച്ച അംഗീകാരമാണ് ലഭിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മൂന്ന് കമ്മീഷനുകള്‍ നിയോഗിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് വൈസ് ചാന്‍സിലര്‍മാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇപി പറഞ്ഞു.

''ഉന്നത വിദ്യാഭ്യാസ മേഖല കൈപ്പിടിയിലാക്കുക എന്ന സംഘപരിവാറിന്റെ അജണ്ട ശക്തമായി പ്രതിരോധിക്കുകയും മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളം മുന്നോട്ടുപോകുകയാണ്. ഇതിനെ തടയിടാന്‍ ആര്‍എസ്എസ് നല്‍കുന്ന തിട്ടൂരങ്ങള്‍ക്കനുസരിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഇത്തരം നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം കേരളത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരേണ്ടതുണ്ട്. ഗവര്‍ണര്‍ ഇല്ലാത്ത അധികാരമുപയോഗിച്ച് സംഘപരിവാറിന്റെ തിട്ടൂരങ്ങള്‍ നടപ്പിലാക്കുന്നത് അനുവദിക്കാനാകില്ല. അത്തരം നീക്കങ്ങള്‍ പ്രതിരോധിക്കുന്നതിനായ് വിശാലമായ ജനകീയ മുന്നേറ്റം ഉയര്‍ത്തിക്കൊണ്ടുവരും.''-ഇപി ജയരാജന്‍ പറഞ്ഞു.


Next Story