Top

ബിഎംസിയിലെ സാമ്പത്തിക ശാസ്ത്ര അധ്യാപിക, സീറോ മലബാർ സഭയുടെ വക്താവ്; ഉമയ്‌ക്കെതിരെ കൊച്ചുറാണിയെ മത്സരിപ്പിക്കുമോ എൽഡിഎഫ്?

സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കമുണ്ടെന്ന റിപ്പോര്‍ട്ടുകളോട് കൊച്ചുറാണി നേരത്തെ അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു

3 May 2022 12:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിഎംസിയിലെ സാമ്പത്തിക ശാസ്ത്ര അധ്യാപിക, സീറോ മലബാർ സഭയുടെ വക്താവ്; ഉമയ്‌ക്കെതിരെ കൊച്ചുറാണിയെ മത്സരിപ്പിക്കുമോ എൽഡിഎഫ്?
X

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമാ തോമസിനെ പ്രഖ്യാപിച്ചതോടെ തങ്ങളുടെ മത്സരാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള തിരക്കിട്ട ചര്‍ച്ചയിലാണ് ഇടത് മുന്നണി. സമുദായിക സമവാക്യങ്ങള്‍, രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിവ പരിഗണിച്ച് ശക്തനായ ഒരു സ്ഥാനാര്‍ത്ഥി എന്നതാണ് ഇടത് പാളയത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അനില്‍ കുമാര്‍, ഡിവൈഎഫ്ഐ നേതാവ് കെഎസ് അരുണ്‍ കുമാര്‍ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതോടെ ഒരു വനിതാ സ്വതന്ത്രയെ സിപിഐഎം രംഗത്തിറക്കാനുള്ള സാധ്യതയേറി.

കൊച്ചുറാണി ജോസഫിനെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചേക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഭാരത് മാതാ കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം ഹെഡായിരുന്നു കൊച്ചുറാണി ജോസഫ്. സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവ് കൂടിയാണ് ഇവര്‍. സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കമുണ്ടെന്ന റിപ്പോര്‍ട്ടുകളോട് കൊച്ചുറാണി നേരത്തെ അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

'കഴിഞ്ഞ നാല് പതിറ്റാണ്ടായി താന്‍ മണ്ഡലത്തിന്റെ വികസന യാത്രയ്‌ക്കൊപ്പമുണ്ട്. തൃക്കാക്കര കോളജിലെ മൂന്ന് പതിറ്റാണ്ടായുള്ള അദ്ധ്യാപന പരിചയത്തിന്റെ വെളിച്ചത്തിലും കൂടിയാണ് അത്. ഇടതുമുന്നണി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. മണ്ഡലത്തിലെ ഏത് കാര്യത്തിലും സജീവമാണ്. പാര്‍ട്ടി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതുവരെ ഈ വിഷയത്തില്‍ പ്രതികരിക്കാനില്ല,' എന്നുമായിരുന്നു കൊച്ചുറാണിയുടെ പ്രതികരണം.

തൃക്കാക്കര മണ്ഡലവും സ്വന്തമാക്കി 100 സീറ്റുകളോടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. ഉടന്‍ ചേരുന്ന മണ്ഡലം ജില്ലാ കമ്മിറ്റികളില്‍ ഉയരുന്ന പേരുകള്‍ വെള്ളിയാഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31നാണ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 ആണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ശക്തമാക്കി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,329 വോട്ടുകള്‍ക്കാണ് പിടി തോമസ് ജയിച്ചു കയറിയത്.

STORY HIGHLIGHTS: ldf may field kochurani joseph in thrikkakara by election

Next Story