സർക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധം; കൽപ്പറ്റയിൽ ഇന്ന് എൽഡിഎഫിന്റെ ബഹുജന റാലി
വൈകീട്ട് മൂന്നിന് തുടങ്ങുന്ന റാലി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.
29 Jun 2022 1:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വയനാട്: സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ വേട്ടയാടലിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ ഇന്ന് എൽഡിഎഫ് ബഹുജന റാലി. രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ ആക്രമിച്ചതിനെ തുടർന്നുണ്ടായ പ്രതിപക്ഷത്തിന്റെ വ്യാപക പ്രതിഷേധത്തിനെതിരായാണ് ബഹുജന റാലി. വൈകീട്ട് മൂന്നിന് തുടങ്ങുന്ന റാലി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. റാലിയിൽ ജില്ലയിലെ പതിനായിരത്തിലേറെ പ്രവർത്തകർ അണിനിരക്കുമെന്ന് നേതൃത്വം അറിയിച്ചു.
എൽഡിഎഫ് റാലിയെ തുടർന്ന് കൽപ്പറ്റയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കുമെന്ന് പൊലീസ് അറിയിച്ചു. എംപി ഓഫീസ് ആക്രമിച്ച കേസിന്റെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് ഉടൻ സമർപ്പിക്കും. ഓഫീസ് ആക്രമണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ ഉറപ്പാക്കിയില്ല എന്നും റിപ്പോർട്ടിൽ പറഞ്ഞു.
സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചിനുൾപ്പെടെ വീഴ്ച പറ്റി. എസ്എഫ്ഐ മാർച്ചിനെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. പ്രവർത്തകർ ഓഫീസിനകത്ത് കയറിയിട്ടും പൊലീസിന് വേണ്ട നടപടി സ്വീകരിക്കാനായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സർക്കാരിന് ഉടൻ സമർപ്പിക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.
STORY HIGHLIGHTS: LDF mass rally in Kalpetta today Against Opposition Parties