Top

വണ്ടൻമേട് പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി; അവിശ്വാസ പ്രമേയത്തെ യുഡിഎഫും ബിജെപിയും പിന്തുണച്ചു

13 Oct 2022 9:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വണ്ടൻമേട് പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി; അവിശ്വാസ പ്രമേയത്തെ യുഡിഎഫും ബിജെപിയും പിന്തുണച്ചു
X

ഇടുക്കി: വണ്ടന്‍മേട്‌ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. സ്വതന്ത്ര അം​ഗമായ സുരേഷ് മാനങ്കേരിയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയം യുഡിഎഫും ബിജെപിയും പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. സിപിഐഎം അം​ഗം സിബി എബ്രഹാമായിരുന്നു വണ്ടന്‍മേട്‌ പഞ്ചായത്ത് പ്രസിഡന്റ്. നേരത്തേയും സ്വതന്ത്ര അം​ഗമായ സുരേഷ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. അന്നും യുഡിഎഫും ബിജെപിയും പിന്തുണ അറിയിച്ചിരുന്നെങ്കിലും എൽഡിഎഫിനോട് പരാജയപ്പെട്ടിരുന്നു.

‌പതിനൊന്നാം വാർഡ് മെമ്പർ സിപിഐഎം അം​ഗം സൗമ്യ സുനിൽ കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ മയക്കുമരുന്ന് കേസിൽ പെടുത്താൻ ശ്രമിച്ച സംഭവമാണ് വീണ്ടും അവശ്വാസ പ്രമേയം അവതരിപ്പിക്കാനുളള അവസരമൊരുക്കിയത്. സംഭവത്തെ തുടർന്ന് സിപിഐഎം സൗമ്യയിൽ നിന്ന് രാജിക്കത്ത് എഴുതി വാങ്ങിയിരുന്നു.

തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വാർഡ് തിരിച്ചുപിടിച്ചു. യുഡിഎഫിന്റെ സൂസൻ ജേക്കബ് ആണ് വണ്ടന്‍മേട്‌ 11-ാം വാർഡിൽ വിജയിച്ചിരുന്നത്. എൽഡിഎഫിൻ്റെ ലിസ ജേക്കബ്ബിനെയും ബിജെപിയുടെ രാധ അരവിന്ദനെയുമാണ് സൂസന്‍ ജേക്കബ് പരാജയപ്പെടുത്തിയത്. അം​ഗബലം കൂടിയതോടെയാണ് യുഡിഎഫിന് അവിശ്വാസ പ്രമേയത്തെ പിന്തുണക്കാനായത്. യുഡിഎഫിനൊപ്പം ബിജെപിയും പിന്തുണച്ചതോടെ അവിശ്വാസ പ്രമേയം പാസായി.

STORY HIGHLIGHTS: LDF lost Vandanmedu panchayat administration

Next Story