Top

'രാഷ്ട്രീയത്തെ അപകീർത്തിപ്പെടുത്താനും മുഖ്യമന്ത്രിയെ കരിവാരി തേയ്ക്കാനുമുള്ള ശ്രമമാണിത്'; ഇ പി ജയരാജന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഇപ്പോള്‍ നടക്കുന്നത് മാഫിയാ ഭീകരപ്രവര്‍ത്തനമാണ് ഇ പി ജയരാജന്‍

8 Jun 2022 6:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഷ്ട്രീയത്തെ അപകീർത്തിപ്പെടുത്താനും മുഖ്യമന്ത്രിയെ കരിവാരി തേയ്ക്കാനുമുള്ള ശ്രമമാണിത്; ഇ പി ജയരാജന്‍
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഇപ്പോള്‍ നടക്കുന്നത് മാഫിയാ ഭീകരപ്രവര്‍ത്തനമാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സ്വപ്ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഇ പി ജയരാജൻ്റെ പ്രതികരണം.

'ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സംഭാഷണങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. നിഗൂഢ ശക്തികൾ പ്രവർത്തിച്ചു എന്നതിൻ്റെ തെളിവാണിത്. മാഫിയാ ഭീകരപ്രവര്‍ത്തനത്തിന്റെ ഓരോ ഭാഗവും ഇടിഞ്ഞുപൊളിഞ്ഞ് വീഴാന്‍ തുടങ്ങിയിരിക്കുകയാണ്' ജയരാജന്‍ പറഞ്ഞു.

പി സി ജോര്‍ജ് മാത്രമല്ല ആര്‍എസ്എസ് കൂടിയാണ് പിന്നില്‍ പ്രവര്‍ത്തിച്ചത്. ജയിലില്‍ നിന്ന് പുറത്തുവന്ന സ്വപ്‌നയെ സൽക്കരിച്ച് കൊണ്ടുപോയി ജോലി കൊടുത്തത് ആര്‍എസ്എസ്ആണ്. രാഷ്ട്രീയത്തെ അപകീർത്തിപ്പെടുത്താനും മുഖ്യമന്ത്രിയെ കരിവാരി തേയ്ക്കാനുമുള്ള ശ്രമമാണിത്. അപ്പോള്‍ ഇതിനുപിന്നില്‍ ആരായിരിക്കുമെന്ന് ചിന്തിക്കാനാവുന്നതല്ലേയുള്ളൂവെന്നും ഗൂഢാലോചനയെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. പുതിയ വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ട കഥകള്‍ കേരള ജനത പുച്ഛിച്ച് തള്ളിയതാണെന്ന് കോടിയേരി പറഞ്ഞു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലുമെല്ലാം ഇതെ വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നതാണ്. രാഷ്ട്രീയ താല്പര്യത്തോടെ ചില മാധ്യമങ്ങളെ കൂടി ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ച തുടര്‍നുണക്കഥകള്‍ ഇപ്പോള്‍ വീണ്ടും രംഗത്തിറക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രചരിപ്പിച്ച നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന നിലയില്‍ അവതരിപ്പിക്കാനുള്ള ഈ ശ്രമം ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുമെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്.

അതേസമയം, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് പറഞ്ഞു. സംസ്ഥാനം ആര് ഭരിക്കുന്നുവെന്നതൊന്നും തന്റെ പരിഗണനയിലുള്ള വിഷയമല്ല. വ്യക്തികള്‍ക്കെതിരെയാണ് തന്റെ ആരോപണം. അതില്‍ വ്യക്തിപരമോ രാഷ്ട്രീയമോ ആയ യാതൊരു അജണ്ടയുമില്ലെന്നും സ്വപ്‌ന സുരേഷ് വിശദീകരിച്ചു.

STORY HIGHLIGHTS: LDF Convener EP Jayrajan Against Swapna Suresh's Statement

Next Story