Top

'എല്‍ഡിഎഫിനോടുള്ള വിരോധം സഭയോട് തീര്‍ക്കരുത്'; തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിത്വ വിഷയത്തില്‍ ഇപി ജയരാജന്‍

6 May 2022 3:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്‍ഡിഎഫിനോടുള്ള വിരോധം സഭയോട് തീര്‍ക്കരുത്; തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിത്വ വിഷയത്തില്‍ ഇപി ജയരാജന്‍
X

പാലക്കാട്: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും സിറോ മലബാര്‍ സഭയുമായും ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. എല്‍ഡിഎഫിനോടുള്ള വിരോധം സഭയോട് തീര്‍ക്കരുത് എന്നായിരുന്നു ഇപി ജയരാജന്റെ പ്രതികരണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് സഭയെ വലിച്ചിഴയ്‌ക്കേണ്ടെന്നും അദ്ദേഹം പാലക്കാട് പ്രതികരിച്ചു.

സിറോ മലബാര്‍ സഭയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത്. സഭ രാഷ്ട്രീയത്തില്‍ ഇടപെടാറില്ല, തൃക്കാക്കര സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സഭക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കേണ്ടതില്ല. എല്‍ഡിഎഫിനോടുള്ള വിരോധം സഭയോട് തീര്‍ക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കെവി തോമസ് നിലപാട് വ്യക്തമാക്കിയാല്‍ പ്രചാരണത്തിന് ക്ഷണിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കുമെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു.

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതില്‍ സഭയുടെ ഇടപെടല്‍ ഉണ്ടായെന്ന ആരോപണം തള്ളി സിറോ മലബാര്‍ സഭയും നേരത്തെയും രംഗത്ത് എത്തിയിരുന്നു. സ്ഥാപിത താല്‍പര്യക്കാര്‍ ബോധപൂര്‍വ്വം അടിസ്ഥാനരഹിതമായ പ്രചരണം നടത്തുകയാണെന്നായിരുന്നു സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. രാഷ്ട്രീയ നിലപാടുകള്‍ക്കനുസൃതമായി മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ അതില്‍ സഭയുടെ ഇടപെടല്‍ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കണം. വോട്ടര്‍മാര്‍ ജനാധിപത്യ രീതിയില്‍ ഉപതെരഞ്ഞെടുപ്പിനെ സമീപിക്കുമെന്നുറപ്പാണെന്നും സിറോ മലബാര്‍ സഭ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Story Highlight: ldf candidate controversy relate syro Malabar church ep jayarajan reaction

Next Story