Top

എറണാകുളം സൗത്തില്‍ പോളിങ്ങ് 47 ശതമാനം മാത്രം; തൃക്കാക്കരയിലും ആവര്‍ത്തിക്കുമോയെന്ന് ഉറ്റുനോക്കി മുന്നണികള്‍

കുറഞ്ഞ പോളിംഗ് ശതമാനം കാലങ്ങളായി യുഡിഎഫിനെയാണ് പ്രതികൂലമായി ബാധിക്കാറുള്ളത്

17 May 2022 5:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എറണാകുളം സൗത്തില്‍ പോളിങ്ങ് 47 ശതമാനം മാത്രം; തൃക്കാക്കരയിലും ആവര്‍ത്തിക്കുമോയെന്ന് ഉറ്റുനോക്കി മുന്നണികള്‍
X

തൃക്കാക്കര: കൊച്ചി കോര്‍പ്പറേഷനിലെ 62ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെ കുറഞ്ഞ പോളിംഗ് ശതമാനം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനേയും ബാധിച്ചേക്കുമെന്ന് ആശങ്കയില്‍ മുന്നണികള്‍. ഇന്ന് ജില്ലയിലെ മറ്റ് നാല് തദ്ദേശസ്ഥാനപനങ്ങള്‍ക്കൊപ്പമാണ് കൊച്ചി കോര്‍പ്പറേഷനിലെ എറണാകുളം സൗത്ത് ഡിവിഷനിലേക്കും വോട്ടെട്ടുപ്പ് നടന്നത്. 47.6 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയ പോളിംഗ്.

കുറഞ്ഞ പോളിംഗ് ശതമാനം കാലങ്ങളായി യുഡിഎഫിനെയാണ് പ്രതികൂലമായി ബാധിക്കാറുള്ളത്. ഈ പതിവ് ആവര്‍ത്തിച്ചാല്‍ പി ടിയേക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന് ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന യുഡിഎഫിനെ വിജയപ്രതീക്ഷകള്‍ക്ക് തന്നെ മങ്ങലേല്‍പ്പിച്ചേക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പായതിനാല്‍ മിനി ഉപതെരഞ്ഞെടുപ്പ് എന്ന വിശേഷണം ഇതിനുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പിന്റെ ഫലം തൃക്കാക്കരയിലും പ്രതിഫലിച്ചേക്കുമെന്ന് നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ വരും ദിവസങ്ങളില്‍ പ്രചാരണം ഊര്‍ജ്ജിതമാക്കുന്നതിനൊപ്പം, വോട്ടെട്ടുപ്പ് ദിവസം പരമാവധി ആളുകളെ ബൂത്തുകളില്‍ എത്തിക്കാനുള്ള നീക്കവും യുഡിഎഫിന്റെ ഭാഗത്തു നിന്നും ഉണ്ടായേക്കും.

തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ ഡിവിഷനുകളും കൊച്ചി കോര്‍പ്പറേഷന്റെ 22 ഡിവിഷനുകളും ഉള്‍പ്പെടുന്നതാണ് തൃക്കാക്കര നിയോജക മണ്ഡലം. പി ടി തോമസ് മത്സരിച്ചപ്പോള്‍ 2016ല്‍ 74.65 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. 2021 ലെ തെരഞ്ഞെടുപ്പില്‍ 69.27 ശതമാനവും പോളിംഗ് ഉണ്ടായിരുന്നു.

ബിജെപി അംഗം മിനി ആര്‍ മേനോന്റെ മരണത്തെത്തുടര്‍ന്നുള്ള ഒഴിവിലേക്കാണ് എറണാകുളം സൗത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. കൊച്ചിന്‍ സ്മാര്‍ട്ട് മിഷനില്‍ നിന്നുള്ള എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അനിതാ വാര്യരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പത്മജ എസ് മേനോന്‍ ബിജെപിക്ക് വേണ്ടി മത്സരിച്ചത്. വി ഫോര്‍ കൊച്ചിയെ പ്രതിനിധീകരിച്ച് നേരത്തെ മത്സരിച്ച അശ്വതി സത്യനാണ് ഇത്തവണ സിപിഐ സ്വതന്ത്രയായി മത്സരിച്ചത്.

തൃക്കാക്കരയ്ക്ക് മുന്നോടിയായുള്ള തെരഞ്ഞെടുപ്പായതിനാല്‍ എംപിയടക്കം മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കിയായിരുന്നു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആദ്യഘട്ടം മുതല്‍ തന്നെ യുഡിഎഫ് മണ്ഡലത്തില്‍ ശക്തമായ പ്രചാരണമായിരുന്നു നടത്തിയത്. യുഡിഎഫിന്റെ കോട്ടയായിരുന്ന എറണാകുളം സൗത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുത്തത്. 40 വര്‍ഷം തുടര്‍ച്ചയായി ജയിച്ചുവരുന്ന ഡിവിഷനില്‍ 281 വോട്ടിനാണ് കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്.

STORY HIGHLIGHTS: LDF and UDF Concerned about polling percentages in Ernakulam South division polling percentages in Kochi Corporation before Thrikkakara By Election

Next Story