പാര്‍ട്ടി വിടാതിരിക്കാന്‍ ചിഹ്നം നല്കി മത്സരിച്ചയാള്‍ യുഡിഎഫിനൊപ്പം; കൊച്ചി നഗരാസൂത്രണ സമിതി കൈവിട്ട് എല്‍ഡിഎഫ്
അയോഗ്യത വന്നാല്‍ തന്നെ കൊച്ചങ്ങാടി ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അഷ്റഫിന്റെ ഭാര്യ, മുന്‍ കൗണ്‍സിലര്‍ സുനിത അഷ്റഫിനെ മത്സരിപ്പിക്കാമെന്ന് ഉറപ്പും നല്‍കിയിട്ടുണ്ട്.
19 Oct 2021 2:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അവിശ്വാസ പ്രമേയത്തില്‍ കൊച്ചി നഗരാസൂത്രണ സമിതി ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടു. ഇടത് കൗണ്‍സിലര്‍ എംഎച്ച്എം അഷ്റഫ് യുഡിഎഫിനൊപ്പം ചേര്‍ന്നതോടെയാണ് സിപിഐഎമ്മിന് സമിതി ഭരണം നഷ്ടപ്പെട്ടത്. എല്‍ഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായിരുന്ന ജെ സനില്‍ മോനായിരുന്നു നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷന്‍. 9 അംഗങ്ങളായിരുന്നു കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ കെകെ ശിവന്റെ മരണം മൂലം ഇത് എട്ടായി കുറഞ്ഞിരുന്നു.അവിശ്വാസ പ്രമേയത്തിന് 5 അംഗങ്ങളുടെ പിന്തുണയാണ് എല്‍ഡിഎഫിന് ലഭിച്ചത്. മൂന്ന് അംഗങ്ങള്‍ വിട്ടുനിന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ സമയത്ത് തന്നെ അഷ്റഫ് എല്‍ഡിഎഫ് പാളയം വിട്ടേക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇത് തടയാന്‍ അദ്ദേഹത്തെ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിച്ചു. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിച്ച് കൂറുമാറിയാല്‍ ആറ് വര്‍ഷം വരെ അയോഗ്യനാക്കാം.
അയോഗ്യത അംഗീകരിച്ചുവരണമെങ്കില് കാലതാമസമെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കോടതിയേയും സമീപിക്കും. അന്തിമ വിധി വരുമ്പോഴേക്കും കൗണ്‍സിലറിന്റെ കാലാവധി കഴിയാറാവും.
അയോഗ്യത വന്നാല്‍ തന്നെ കൊച്ചങ്ങാടി ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അഷ്റഫിന്റെ ഭാര്യ, മുന്‍ കൗണ്‍സിലര്‍ സുനിത അഷ്റഫിനെ മത്സരിപ്പിക്കാമെന്ന് ഉറപ്പും നല്‍കിയിട്ടുണ്ട്.
സ്റ്റാന്റിംഗ് കൗണ്‍സിലില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാതെ വന്നതോടെ നേരത്തെ അഷ്റഫ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. കൗണ്‍സില്‍ സ്ഥാനം രാജിവെക്കില്ലെന്നും കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നുമായിരുന്നു അറിയിച്ചത്.